Friday, January 27, 2012

കാസനോവ: അരുതായ്മയുടെ വഴികള്‍

ബഹുരാഷ്ട്ര പൂക്കച്ചവടക്കാരനായ നായകന്‍ വിവിധ രാജ്യങ്ങളില്‍നിന്നുള്ള സുന്ദരികളെ മാറിമാറി തന്റെ കിടപ്പറയിലേക്ക് ക്ഷണിക്കുന്നതിന്റെ പൊളപ്പന്‍ കാഴ്ചകളുമായിറങ്ങിയ അപൂര്‍വസുന്ദര ആക്ഷന്‍, പ്രണയ, ത്രില്ലര്‍ ചലച്ചിത്രമാണ് നമുക്ക് കിട്ടിയ റിപ്പബ്ളിക് ദിന സമ്മാനം കാസനോവ. മലയാളത്തിലെ ഏറ്റവും ചിലേവറിയ ചിത്രവും ഏറ്റവും സ്ത്രീവിരുദ്ധമായ ചിത്രവും ഒന്നു തന്നെയാവണമെന്ന നിര്‍ബന്ധബുദ്ധിയോടെ എടുത്തതാണോയെന്ന് ചിത്രം കണ്ടിറങ്ങിയവര്‍ സംശയിച്ചാല്‍ കുറ്റം പറയാനാകില്ല. അത്രയും മോശമാണ് കാസനോവയുടെ സഞ്ചാരങ്ങള്‍.
പൂക്കവടക്കാരനായ നായകന്‍ ദുബായില്‍ ഒഴിവുകാലം ചെലവഴിക്കാനെത്തുന്നതില്‍നിന്നാണ് ചിത്രം തുടങ്ങുന്നത്. വിമാനത്താവളത്തില്‍ കാസനോവയെ കാത്തുനില്‍ക്കുന്ന പെണ്‍പട മുതല്‍ പടം വശപ്പിശക് ലൈനിലേക്ക് മാറും. വിവിധ രാജ്യങ്ങളില്‍നിന്നുള്ള സുന്ദരിമാര്‍ പ്രത്യേക കാരണമൊന്നുമില്ലാതെ മോഹന്‍ലാലിന്റെ മനോഹരദേഹത്തിലേക്ക് സ്വന്തം ദേഹിയെ മറന്ന് വിലയം പ്രാപിക്കുന്നതാണ് പിന്നീടങ്ങോട്ട്. പെണ്ണുങ്ങള്‍  വസ്ത്രം പോലെ ഉപയോഗിച്ച് ഉപേക്ഷിക്കാവുന്ന ചരക്കുകള്‍ മാത്രമാണെന്ന കാഴ്ചപ്പാടിന് ബലം നല്‍കുന്ന സീനുകള്‍ മാത്രമാണ് ചിത്രം പങ്കുവയ്ക്കുന്നത്.
ഇന്റര്‍വെല്‍ വരെ അങ്ങനെ ദുബായിലെ അവധിക്കാലം ആഘോഷമാക്കി നടക്കുന്ന നായകന്‍ പിന്നീടാണ് തന്റെ ജീവിതത്തിലെ ഫയങ്കര ദുരന്തകഥ പ്രേക്ഷകനു മുന്നില്‍ തുറക്കുന്നത്. തൊട്ടുമുമ്പുള്ള അവധിക്കാലത്താണ് ആ ദുരന്തകഥ അരങ്ങേറുന്നത്. കണ്ണില്‍ കാണുന്ന പെണ്ണുങ്ങളെല്ലാം തനിക്ക് ഉമ്മവയ്ക്കാനുള്ളതാണെന്ന് ധരിച്ച നായകന്‍ പെട്ടെന്ന് അപൂര്‍വസുന്ദരിയുമായി (ശ്രീയ ശരണ്‍) ദിവ്യപ്രണയത്തിലാകുന്നു. കഴിഞ്ഞതെല്ലാം മറന്ന് അവളെ സ്വന്തമാക്കാന്‍ ഒരുങ്ങുന്നതിനിടയില്‍ നായിക കൊല്ലപ്പെടുന്നു. പിറ്റേക്കൊല്ലത്തെ വരവ് പകരം വീട്ടലിനുള്ളതാണ്; പോരേ പൂരം.
ക്ളൈമാക്സില്‍ ഇന്റര്‍പോള്‍ ഓഫീസര്‍മാരുടെയും ദുബായ് പൊലീസിന്റെയും മുന്നില്‍ കൊലപാതകം നടത്തി ആകാശത്തേക്കു നോക്കിയിരിക്കുന്ന ലാലേട്ടന്‍ തമിഴ്, ഹിന്ദി, ഇംഗ്ളീഷ്, അറബി, മലയാളം എന്നീ പരിഭാഷകളോടെ ഐ ലവ് യു പറയുന്ന സീന്‍ ആരുടേയും കണ്ണുനനയിക്കും. കുറ്റബോധംകൊണ്ടായിരിക്കുമെന്നു മാത്രം.
നായകന്റെ കുതിരയെ നോക്കുന്നതുവരെ സ്ത്രീകളാണങ്കിലും പ്രൈവറ്റ് സെക്രട്ടറി പുരുഷന്‍ (ജഗതി) ആണെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ലക്ഷ്മി റായി, സഞ്ജന, റോമ എന്നിവരും ചിത്രത്തിലുണ്ട്. റോമയുടെ കാര്യം കുറേ കഷ്ടം തന്നെയാണ്. ദുബായ് പോലെ മുസ്ലിം ഭൂരിപക്ഷരാജ്യത്തെ കന്യാസ്ത്രീ മഠത്തില്‍ മോസ്റ്റ് മോഡേണ്‍ വേഷമിട്ട് തെക്കുവടക്കു നടക്കാന്‍ വേണ്ടി ഒരു കഥാപാത്രത്തെ തന്നെ സൃഷ്ടിച്ചിരിക്കുന്നു ശ്രീമാന്‍മാര്‍ ബോബിയും സഞ്ജയും.
ഡയലോഗിലെ മികവ്
സഹനടന്‍മാര്‍
രണ്ടാഴ്ചയില്‍ കൂടുതല്‍ ഒരുപെണ്ണിനെയും കാസനോവ കൂടെ നിര്‍ത്താറില്ല; അക്കണക്കിന് ലവളുടെ കാലാവധി നാളെ തീരും.
കാസനോവ ദുബായിലെത്തിയാല്‍ പിന്നെ ഭര്‍ത്താക്കന്‍മാര്‍ക്കും കാമുകന്‍മാര്‍ക്കും അച്ഛനമാര്‍ക്കും ഇരിക്കപ്പൊറുതിയുണ്ടാകില്ല. പെണ്ണുങ്ങള്‍ക്ക് മുഴുവന്‍ കുക്കിങ് ക്ളാസ്, ഹെല്‍ത്ത് ക്ളബ്, ഷോപ്പിങ്. പക്ഷേ അങ്ങനെയൊരു ട്യൂഷന്‍ സെന്ററും ഹെല്‍ത്ത് ക്ളബും ഉണ്ടാകില്ല. തേടിച്ചെന്നാല്‍ എല്ലാവരും ----- ഹോട്ടലിലെ 405ാം നമ്പര്‍ സ്വീറ്റ് റൂമിലുണ്ടാകും. കാസനോവയുടെ റൂം.
നായിക
എന്നെ കെട്ടുന്നവന്‍ ആരായാലും അയാള്‍ക്ക് എന്റെ എന്തെങ്കിലും നഷ്ടപ്പെട്ടിണ്ടേയെന്ന് പരിശോധിച്ച് ഉറപ്പുവരുത്തേണ്ടിവരില്ല.
നായകന്‍
ഈ പെണ്ണുങ്ങളെയൊന്നും ഞാനായിട്ട് ക്ഷണിക്കുന്നതല്ല; അവരായിട്ട് വന്നുകയറുന്നതാണ്. ഈ റേഞ്ചിലും മുകളിലും താഴെയുമായി ഇനിയുമുണ്ട് അനേകം.

പ്രണയം, പ്രണയം എന്നിങ്ങനെ നൂറുതവണ പറയുന്ന ചിത്രം പക്ഷേ സംവദിക്കുന്നത് പ്രണയശൂന്യമായ കാമത്തിന്റെയും കടുത്ത സ്ത്രീവിരുദ്ധതയുടെയും അശ്ളീലത്തിന്റെയും ദൃശ്യവല്‍ക്കരണം മാത്രമാണ്. റിപ്പബ്ളിക് ദിനത്തില്‍ 'ദേശീയോദ്ധാരണത്തിന്' പ്രാധാന്യം നല്‍കുന്ന കാസനോവ കണ്ടിറങ്ങിയ പ്രേക്ഷകര്‍ക്ക് നന്ദി. ഏറ്റവും മുതല്‍മുടക്കുള്ള മലയാളചിത്രത്തില്‍നിന്ന് കോണ്‍ഫിഡന്റ് റോയിച്ചന് നഷ്ടം വന്നാല്‍ അതുമോശമല്ലേ?
കുറ്റങ്ങള്‍ ഏറെയുള്ള ചിത്രം മുഴുവന്‍ കാണാന്‍ പ്രേരിപ്പിച്ചത് അല്‍പമെങ്കിലും വൃത്തിയുള്ള ക്യാമറയാണ്. ജിം ഗണേശന് നന്ദി. ആക്ഷന്‍ സീനുകളും കുളമാക്കിയില്ല.
പടം കഴിഞ്ഞിറങ്ങിയപ്പോ കേട്ട അനേകം തെറികള്‍ക്കിടയില്‍ ഏറ്റവും മനോഹരമായ കമന്റ് ടീവീല് വരുന്ന ദിവസം വീട്ടിലെ പീസ് (ഫ്യൂസ്) ഊരിവയ്ക്കണം. അല്ലേല്‍ പിള്ളേരു കാണും.

1 comment: