Sunday, March 25, 2012

ജീവിക്കണോ അറിയണോ?????????


അറിയാനുള്ള അവകാശമാണോ ജീവിക്കാനുള്ള അവകാശമാണോ വലുതെന്ന് കേരളസമൂഹം ഇനിയും നിര്‍വചിക്കേണ്ടിയിരിക്കുന്നു. പത്ര ഏജന്റുമാര്‍ നടത്തുന്ന സമരത്തെ എതിര്‍ത്ത് കവലപ്രസംഗം നടത്തുന്നവര്‍, ഏജന്റുമാര്‍ ബില്‍തുകയേക്കാള്‍ 15 രൂപ വരിക്കാരില്‍നിന്ന് അധികം ഈടാക്കുന്നതെന്തിനെന്ന് അന്വേഷിക്കാനും ബാധ്യസ്ഥരാണ്.
സിഐടിയുവിന്റെ കീഴിലുള്ള യൂണിയനായതിനാല്‍ ദേശാഭിമാനിയെ മാത്രം സമരത്തില്‍ നിന്നൊഴിവാക്കി എന്ന തരത്തിലാണ് ചിലര്‍ വാര്‍ത്ത പ്രചരിപ്പിക്കുന്നത്. ദേശാഭിമാനി മാത്രമല്ല വീക്ഷണം, ചന്ദ്രിക, ജനയുഗം, ജന്മഭൂമി തുടങ്ങി രാഷ്ട്രീയ പാര്‍ടികളുടെ പത്രങ്ങള്‍ വിതരണം ചെയ്യാനാണ് തീരുമാനമെന്ന് സമരം ചെയ്യുന്ന ഏജന്റുമാര്‍ പറയുന്നു. എന്നാല്‍ കോണ്‍ഗ്രസും ബിജെപിയും മുസ്ലീം ലീഗും വിവിധ കേരള കോണ്‍ഗ്രസുകളും ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ടികളില്‍ വിശ്വസിക്കുന്നവരും അവയുടെ പ്രവര്‍ത്തകരും അല്ലാത്തവരുമായ ഏജന്റുമാര്‍ സമരത്തിലുണ്ട്. സിഐടിയുവിനെ കുറ്റം പറഞ്ഞ് സമരത്തിനെതിരെ കുപ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്ക് ഇക്കാര്യം അറിയാത്തതോ, അതോ കണ്ണടച്ചിരുട്ടാക്കുന്നതോ?
ഏജന്റുമാരുടെ സമരത്തിനെതിരെ പ്രമുഖ പത്രങ്ങളില്‍ ഒന്നാം പേജില്‍ പ്രസ്താവന നല്‍കിയ ഐഎന്‍എസിന്റെ കോഴിക്കോട് മേഖല ഓഫീസിലേക്കാണ് മജീതിയ വേജ് ബോര്‍ഡ് ശുപാര്‍ശകള്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഞായറാഴ്ച കേരളത്തിലെ പത്രജീവനക്കാരും പത്രപ്രവര്‍ത്തകരും മാര്‍ച്ച് നടത്തിയത്. 12 വര്‍ഷമായി നടപ്പാക്കാത്ത ശമ്പളവര്‍ധന ഉള്‍പ്പെടെയുള്ള ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കണമെന്നാണ് സമരത്തിലെ ആവശ്യം. ഏജന്റുമാരുടെ ആവശ്യങ്ങള്‍ക്കെതിരെ പത്രത്താളുകളില്‍ ഘോരഘോരം അറിയാനുള്ള അവകാശം ഉദ്ഘോഷിക്കുന്ന ഐഎന്‍എസ് നേതൃത്വം പത്രസ്ഥാപനങ്ങളിലെ സ്ഥിരം ജീവനക്കാരുടെ സമരത്തെക്കുറിച്ച് കുറ്റകരമായ മൌനം പാലിക്കുന്നു. ഇനി പ്രക്ഷോഭം ശക്തമാക്കുന്നതിന്റെ ഭാഗമായി പത്രപ്രവര്‍ത്തകരും ജീവനക്കാരും മറ്റു സമരമാര്‍ഗങ്ങളിലേക്കു കടക്കാന്‍ നിര്‍ബന്ധിതരായാല്‍ അറിയുവാനുള്ള അവകാശത്തിനുവേണ്ടി മുറവിളി കൂട്ടുന്നവര്‍ എവിടെപ്പോകും?. നിലവില്‍ പത്ര ഏജന്റുമാരുടെ സമരത്തിനെതിരെ മാനേജ്മെന്റിന്റെ താല്‍പര്യങ്ങള്‍ക്കു വഴങ്ങി ഒരുപേജും അതിലധികവും വാര്‍ത്തയെഴുതുന്നവരും അത് പുറത്തുവരാനായി പണിയെടുക്കുന്നവരും തങ്ങളുടെ ആവശ്യങ്ങളും മുതലാളിയുടെ തട്ടിന്‍പുറത്താണെന്ന് ഓര്‍ക്കുന്നുണ്ടാകുമോ ആവോ????

ഓഫ് റെക്കോര്‍ഡ്: കേരളത്തില്‍ മാധ്യമം ദിനപ്പത്രം മാത്രമാണ് വേജ് ബോര്‍ഡ് ശുപാര്‍ശകള്‍ നടപ്പാക്കിയത്. ലക്ഷക്കണക്കിന് പ്രതികള്‍ വില്‍ക്കുന്ന പത്രങ്ങളിലൊന്നിന്റെ മാനേജ്മെന്റ്, വേജ് ബോര്‍ഡ് നടപ്പാക്കാനാവില്ലെന്ന് വ്യക്തമാക്കിയതായി അവിടുത്തെ ജീവനക്കാര്‍ പറയുന്നു.

1 comment:

  1. 50 ശതമാനം കമീഷന്‍ വര്‍ധനയടക്കമുള്ള ആവശ്യങ്ങളുമായി പത്രഏജന്റുമാര്‍ തുടങ്ങിയ സമരം അഞ്ച് ദിവസം പിന്നിട്ടു. ചര്‍ച്ചയില്‍ തീരുമാനമായതിനെ തുടര്‍ന്ന് മംഗളം, ഇന്ത്യന്‍എക്സ്പ്രസ്, മെട്രോവാര്‍ത്ത എന്നീ പത്രങ്ങളെ സമരത്തില്‍ നിന്നൊഴിവാക്കിയതായി ന്യൂസ് പേപ്പര്‍ ഏജന്റ്സ് അസോസിയേഷന്‍ കോ- ഓര്‍ഡിനേഷന്‍ കമ്മറ്റി ഭാരവാഹികള്‍ അറിയിച്ചു.

    ReplyDelete