Monday, December 12, 2011

ശാന്തിയുടെ തണല്‍ വിരിച്ച് ചിത്രാള്‍

ശത്രു നിന്റെ ഉള്ളില്‍ത്തന്നെയാണ്. ശത്രുവിനെ കീഴടക്കിയവന്‍ ലോകം ജയിച്ചവനാകുന്നു. തന്റെ ഉള്ളില്‍ ഒരു ശത്രുവുണ്ട് എന്ന് തിരിച്ചറിഞ്ഞവര്‍ ഗുരുവിനെ തേടി. ആ ഗുരുവും നീ തന്നെയെന്ന മഹാഗുരുവിന്റെ വചനം ശ്രവിച്ചവന്‍ ആസക്തികളെയും ആഗ്രഹങ്ങളെയും ജയിച്ചവനായി............. ജിനനായി. ജിനന്‍ എന്നാല്‍ ജയിച്ചവന്‍ എന്നര്‍ഥം.......
                                  ചിത്രാള്‍ ജൈനക്ഷേത്രം

ബീഹാറിലെ വൈശാലിയില്‍ ജനിച്ച് പന്ത്രണ്ടുവര്‍ഷത്തെ കഠിനതപസിനുശേഷം ജിനനായിത്തീര്‍ന്ന വര്‍ധമാന മഹാവീരന്റെ ഓര്‍മകളെ ഗര്‍ഭത്തില്‍ സൂക്ഷിച്ച് മന:ശാന്തിയുടെ അനേകകോടി മുഹൂര്‍ത്തങ്ങള്‍ക്ക് ജന്മം നല്‍കിയാണ് ചിത്രാള്‍ ജൈനക്ഷേത്രം നിലകൊള്ളുന്നത്. തേടിയെത്തുന്നവര്‍ക്കെല്ലാം മന:ശാന്തി മാത്രം പ്രസാദമായി നല്‍കി സഞ്ചാരികളുടെ മനസിന് കുളിര്‍മയുടെ തൂവല്‍സ്പര്‍ശം സമ്മാനിക്കുന്നു ഇവിടം.
ലോകടൂറിസം ഭൂപടത്തില്‍ ഇടം നേടിയ കന്യാകുമാരിയില്‍നിന്ന് 50 കിലോമീറ്റര്‍ മാത്രം അകലെയാണ് ചിത്രാള്‍ ജൈനക്ഷേത്രം. പാറക്കെട്ടുകള്‍ മേല്‍ക്കൂര തീര്‍ക്കുന്ന അപൂര്‍വത. ചുറ്റുമതിലില്‍ കാലം വരുംതലമുറക്കായി കാത്തുവച്ച ശില്‍പഭംഗി. വര്‍ധമാന മഹാവീരന്റെയും തീര്‍ഥങ്കരന്മാരുടെയും രൂപങ്ങളോടൊപ്പം പുരാതന ശൈവ-വൈഷ്ണവ മാതൃകകളും. പാറക്കെട്ടുകള്‍ക്കുതാഴെ ക്ഷേത്രമുണ്ടെന്നു വിളംബരം ചെയ്യുംവിധം മുകളില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ഗോപുരം. പതിനാലാം നൂറ്റാണ്ടിലെ കരവിരുതിന്റെ മകുടോദാഹരണം. എല്ലാത്തിലുമപരി ക്ഷേത്രത്തിനുതാഴെ പന്ത്രണ്ടുമാസവും ജലസമൃദ്ധിയേകുന്ന കുളം. പ്രാര്‍ഥനയിലും വിശ്വാസത്തിലുമുപരി  തേടിയെത്തുന്നവര്‍ക്ക് നല്‍കുന്ന മന:ശാന്തിയുടെ തണലും ആശ്വാസത്തിന്റെ കുളിര്‍മയുമാണ് ചിത്രാളിലെ ജൈനക്ഷേത്രത്തെ സഞ്ചാരികള്‍ക്കു പ്രിയപ്പെട്ടതാക്കുന്നത്.
തിരുവനന്തപുരത്തുനിന്ന് അമ്പതുകിലോമീറ്റര്‍ അകലെ കേരള- തമിഴ്നാട് അതിര്‍ത്തിയില്‍ മാര്‍ത്താണ്ഡം (കുഴിത്തുറൈ) റെയില്‍വേ സ്റ്റേഷനില്‍ പുലര്‍ച്ചെ അഞ്ചുമണിയോടെ ട്രെയിനിറങ്ങുമ്പോള്‍ മഹാവീരന്റെ പിന്‍ഗാമികള്‍ ശാന്തി തേടി ചിത്രാളിലെത്താനുള്ള കാരണമെന്തെന്ന ചോദ്യമായിരുന്നു മനസില്‍. സ്റ്റേഷനുമുന്നിലെ ചായക്കടയിലെത്തി അറിയാവുന്ന തമിഴില്‍ വഴി ചോദിക്കാനൊരുങ്ങവേ തൊട്ടപ്പുറത്തുനിന്ന് ചായകുടിക്കുകയായിരുന്ന മുരുകന്‍ രക്ഷക്കെത്തി. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജോലി ചെയ്തിട്ടുള്ള മുരുകന് മലയാളവും 'തായ്മൊഴി'. ചിത്രാളെന്നും ജൈനക്ഷേത്രമെന്നുമെല്ലാം കേട്ട് ശങ്കിച്ചുനിന്ന നാട്ടുകാര്‍ക്ക് മുരുകന്‍ കാര്യം വിശദീകരിച്ചു-"നമ്മ മലൈകാവില്‍ താനണ്ണേ. ഇവങ്ക കേരളാവിലിരുന്ത് കോവില്‍ പാര്‍ക്ക വന്തിറുക്കേന്‍''. ഞങ്ങള്‍ തേടിയ ചിത്രാളിലെ ജൈനക്ഷേത്രം ദേവീപ്രതിഷ്ഠയുള്ള മലൈകോവിലാണവര്‍ക്കെന്ന് മനസിലാക്കാന്‍ പിന്നെയും സമയമെടുത്തു. ഭാഷാവിദഗ്ധന്റെ മെയ്വഴക്കത്തോടെ മലയാളത്തിലേക്കു ചുവടുമാറ്റിച്ചവിട്ടി വഴി വിശദീകരിച്ച് ഞങ്ങള്‍ നാലുപേരെയും ചായയും കുടിപ്പിച്ചേ മുരുകന്‍ വിട്ടുള്ളൂ.
സ്റ്റേഷനില്‍നിന്ന് കയറ്റംകയറി ബസ്സ്റ്റാന്‍ഡിലെത്തിയപ്പോഴാണ് സമയത്തെക്കുറിച്ച് ഓര്‍മവന്നത്. നേരം പുലരുന്നതേയുള്ളൂ. കപ്പയും പച്ചക്കറികളും മീന്‍കുട്ടയുമൊക്കെ തലയിലേന്തി ചന്തയിലേക്കുപോകുന്ന ഗ്രാമീണരുടെ കാഴ്ച ഹൃദ്യമായിരുന്നു. ഒരുനിമിഷം നാട്ടിലെ കൃഷിയിടങ്ങില്‍ വളര്‍ന്നുവരുന്ന കോണ്‍ക്രീറ്റ് കെട്ടിടങ്ങളെ മനസിലോര്‍ത്തു. ചുറ്റിലും നിറയുന്ന ഇളംമഞ്ഞ് ഓര്‍മകളെ തഴുകിമാറ്റിക്കടന്നുപോയി. ആറുമണിയോടെ മലൈകോവിലിലേക്കുള്ള ആദ്യബസ് വന്നു. നമുക്കന്യമാവുന്ന നാട്ടിന്‍പുറക്കാഴ്ചകള്‍ ആവോളമാസ്വദിക്കുമ്പോഴേക്കും കോവിലെത്തിയെന്ന് കണ്ടക്ടര്‍ ഓര്‍മപ്പെടുത്തി. 

                                                         കരിങ്കല്‍ വിരിച്ച നടപ്പാത
 കോവിലിനടുത്ത് നല്ല കടകളൊന്നുമില്ലെന്ന മുരുകന്റെ സ്നേഹപൂര്‍വമായ ഉപദേശത്തെ അവഗണിച്ചതില്‍ ബസിറങ്ങിയപ്പോള്‍തന്നെ പശ്ചാത്താപം തോന്നി. ആകെയുള്ളത് രണ്ട് ചെറിയ കടകള്‍. രണ്ടും തുറന്നിട്ടുമില്ല. കോവിലിക്ക്േ സ്വാഗതമോതുന്ന കൂറ്റന്‍ കവാടം കടന്ന് ചെറിയ വഴിയിലേക്കു പ്രവേശിക്കുമ്പോള്‍തന്നെ വിശപ്പിനെ മറന്നു. കാലം കാത്തുവച്ച നിറക്കാഴ്ചകളിലേക്ക് കണ്‍തുറക്കാന്‍ നടപ്പു തുടര്‍ന്നു. ക്ഷേത്രത്തിലേക്കു പ്രവേശിക്കുന്നിടത്തെത്തിയപ്പോള്‍ വീണ്ടും ഞെട്ടല്‍. വലിയ ഗേറ്റ് പൂട്ടിയിരിക്കുന്നു. നേരം പുലരുന്നതിനുമുമ്പേ വന്നതെന്തിനെന്ന ചോദ്യവുമായി നാട്ടുകാരുടെ നോട്ടം. എന്തും വരട്ടെയെന്ന ചിന്തയുമായി ആദ്യംകണ്ട കെട്ടിടത്തിലേക്കു നടന്നു. തമിഴ്സിനമകളില്‍നിന്നു പഠിച്ച മുറിത്തമിഴുമായി വിഷമിക്കുമ്പോഴേക്കും മാതൃഭാഷയില്‍ ചോദ്യമെത്തി. എവിടുന്നാ ഇത്ര രാവിലെ?. ചോദ്യകര്‍ത്താവിനെ പരിചയപ്പെട്ടപ്പോഴാണ് ആശ്വാസമായത്. ക്ഷേത്ത്രിന്റെ ഇപ്പോഴത്തെ ചുമതലയുള്ള കേന്ദ്ര പുരാവസ്തുവകുപ്പിലെ ഉദ്യോഗസ്ഥന്‍ കൊല്ലം സ്വദേശി രാധാകൃഷ്ണനാണ് മുന്നില്‍നില്‍ക്കുന്നത്. ആവശ്യമറിഞ്ഞപ്പോള്‍ സഹായിക്കാമെന്നേറ്റു. അങ്ങനെ ശാന്തി മന്ത്രങ്ങളുറങ്ങുന്ന മലനിരയിലേക്കുള്ള വാതില്‍ അദ്ദേഹംതന്നെ തുറന്നുതന്നു.
 ഇരുവശവും പറങ്കിമാവുകള്‍ തണല്‍വിരിക്കുന്ന കരിങ്കല്‍പാതയിലൂടെ 650മീറ്റര്‍ കയറ്റം കയറി മുകളിലെത്തിയാല്‍ മനസിലുയരുന്ന എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം ലഭിക്കും. ക്ഷേത്രത്തിനു താഴെ സ്വാഗതമോതി നില്‍ക്കുന്ന ആല്‍മരം. 

                                                     ക്ഷേത്രത്തിന്റെ മുകള്‍ഭാഗം
ആല്‍മരത്തിനു സമീപത്തെ പടികള്‍ കയറിച്ചെല്ലുന്നത് ക്ഷേത്രത്തിന്റെ മുകള്‍ ഭാഗത്തേക്കാണ്. പാറക്കെട്ടുകള്‍ക്ക് മുകളില്‍നിന്നുള്ള പശ്ചിമഘട്ട മലനിരകളുടെ കാഴ്ച അനിര്‍വചനീയമായ അനുഭൂതിയാണ് സമ്മാനിക്കുക. പാറക്കെട്ടുകള്‍ക്കുതാഴെ സങ്കീര്‍ണതകളില്ലാത്ത ചിന്തയുടെ പ്രതീകം പോലെ ശാന്തമായൊഴുകുന്ന താമ്രപര്‍ണീ നദി. സഞ്ചാരികളെ ശല്യം ചെയ്യരുതെന്നു നിര്‍ബന്ധമുള്ളതുപോലെ ശാന്തിമന്ത്രങ്ങളും പേറി തഴുകി കടന്നുപോകുന്ന ഇളംകാറ്റ്.
 പാറക്കെട്ടുകള്‍ക്കിടയിലൂടെപടിക്കെട്ടുകളിറങ്ങിയാല്‍ ക്ഷേത്രമുറ്റത്തെത്തും. അകത്തും പുറത്തുമായി പതിനാറ് തൂണുകള്‍. എല്ലാം ശില്‍പഭംഗിയാല്‍ അലംകൃതം. 

                                                     കരിങ്കല്‍ തൂണുകള്‍.
ക്ഷേത്രത്തിനകത്തെത്തിയാല്‍ മണ്ഡപത്തിനകത്തെ ഇരുട്ടും കിഴക്കുഭാഗത്തെ ചെറിയ ജനലിലൂടെ കടന്നെത്തുന്ന വെളിച്ചവും ചേര്‍ന്നുള്ള മായക്കാഴ്ചയുമായി പൊരുത്തപ്പെടുന്ന കണ്ണുകള്‍ അത്ഭുതംകൊണ്ട് വിടരുകയാണ് ആദ്യം ചെയ്യുക. കിഴക്കുവശത്തെ പാറയില്‍ പുരാതനലിപിയില്‍ കൊത്തിവച്ച വാചകങ്ങള്‍ പഴമയുടെ സ്മാരകം പോലെ തെളിഞ്ഞുനില്‍ക്കുന്നു.
 ക്ഷേത്രത്തിലെത്തി ഒരുമണിക്കൂര്‍ കഴിയുമ്പേഴേക്കും താഴെ കടുകുമണികള്‍ പോലെ തലകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി. മൂന്നുപേരടങ്ങുന്ന കുടുംബമാണ് ആദ്യമെത്തിയത്. ക്ഷേത്രത്തിനകത്ത് പ്രവേശിച്ച ഉടനെ മൂവരും ധ്യാനനിമഗ്നരായി. ഒരു മണിക്കൂറിനുശേഷമാണ് ഗൃഹനാഥനെ പരിചയപ്പെടാന്‍ കഴിഞ്ഞത്. വ്യോമസേനയില്‍ ഉയര്‍ന്ന തസ്തികയില്‍നിന്ന് വിരമിച്ച ആളാണ് കക്ഷി. വിനോദസഞ്ചാരികളാണോയെന്ന ചോദ്യത്തിന് നഗരത്തിരക്കില്‍നിന്നും അല്‍പം ആശ്വാസം തേടിയാണെത്തിയതെന്നു നീരസത്തോടെ മറുപടി. പത്രപ്രവര്‍ത്തകരാണെന്നു പറഞ്ഞപ്പോള്‍ സംസാരിക്കാന്‍ താല്‍പര്യം കാണിച്ചു. ഇടക്കിടെ കുടുംബസമേതം വരാറുണ്ടെന്നും തിരക്കുപിടിച്ച ജീവിതത്തില്‍ ഇതുപോലുള്ള സ്ഥലങ്ങള്‍ പകരുന്ന ആശ്വാസം ചെറുതല്ലെന്നും അദ്ദേഹം പറഞ്ഞു. ഒപ്പം വിനോദസഞ്ചാരികളെന്ന പേരില്‍ കൂട്ടമായെത്തി പ്രദേശത്തിന്റെ ശാന്തിയും വിശുദ്ധിയും തകര്‍ക്കുന്നവരെപ്പറ്റിയുള്ള ആശങ്കകളും പങ്കുവച്ചു.  

                                                       സുമേഷ്, പ്രവീണ്‍, ദിനില്‍
 പതിനാലാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ നിര്‍മിച്ചതാണ് ക്ഷേത്രം. മഹാവീരന്റെ അനുഗാമികള്‍ അനന്തസഞ്ചാരത്തിനിടയിലെപ്പോഴോ വന്നണഞ്ഞതാവണം. ഇവിടെയെത്തുന്ന സഞ്ചാരികളെപ്പോലെ വീണ്ടും വരാന്‍ അവരും ആഗ്രഹിച്ചിരിക്കുമെന്നുറപ്പ്. അതിനുവേണ്ടി നിര്‍മിച്ചതാണ് ക്ഷേത്രമെന്നും കരുതുന്നു. എന്നാല്‍ മനോഹരമായതെന്തും കൈപ്പിടിയിലൊതുക്കുന്ന രാജദൃഷ്ടിയില്‍നിന്നും ക്ഷേത്രത്തെ ഒളിപ്പിക്കുവാന്‍ ചുറ്റുമുള്ള പാറക്കൂട്ടത്തിനു കഴിഞ്ഞില്ല. തിരുവിതാംകൂറില്‍ ചിത്തിരതിരുനാള്‍ മഹാരാജാവിന്റെ ഭരണകാലത്ത് ക്ഷേത്രം കൊട്ടാരത്തിന്റെ കീഴിലായി. മഹാവീരന്റെയും തീര്‍ഥങ്കരനായ പാര്‍ശ്വനാഥന്റെയും രൂപങ്ങള്‍ക്കു പുറമേ ദേവീസങ്കല്‍പം കൂടി ക്ഷേത്രത്തില്‍ അടിച്ചേല്‍പിക്കപ്പെട്ടു. ഇതിനുതെളിവായി മായാത്ത മുദ്രയും പേറി ക്ഷേത്രത്തിനു കിഴക്ക് കല്‍ത്തൂണിനു കീഴെ ശിലാഫലകം. 
                                 ചിത്തിരതിരുനാള്‍ വക എന്ന് രേഖപ്പെടുത്തിയ ശിലാഫലകം
പ്രാചീനലിപിയിലെ എഴുത്തിന്റെ ചുരുക്കം -ശ്രീചിത്തിരതിരുനാള്‍ വക 1913ല്‍ സ്ഥാപിതം. ഈ കൂട്ടിച്ചേര്‍ക്കലോടെ മലമുകളിലെ ജൈനക്ഷേത്രം നാട്ടുകാര്‍ക്ക് മലൈകോവിലായി മാറി. ചിത്തിരതിരുനാള്‍ ചുരുങ്ങിയാണ് ചിത്രാള്‍ ആയതെന്നും നാട്ടുകാര്‍ക്കിടയില്‍ വിശ്വാസമുണ്ട്. 
 പിന്നീടാണ് ചരിത്രം എപ്രകാരമാണ് നിര്‍മിക്കപ്പെടുന്നതെന്ന് വ്യക്തമാകുന്നത്. ക്ഷേത്രത്തില്‍ ദേവീസങ്കല്‍പം വന്നതോടെ സഞ്ചാരികള്‍ക്ക് ഭക്തരുടെ പരിവേഷവും ലഭിച്ചു. പിന്നെ പൊങ്കാല, പൂജ തുടങ്ങി വിഗ്രഹാരാധനയുടെ കെട്ടുകാഴ്ചകള്‍. വൈകി വന്ന വിവേകം പോലെ 2005ല്‍ കേന്ദ്ര പുരാവസ്തു വകുപ്പ് ക്ഷേത്രം ഏറ്റെടുത്തതോടെയാണ് ആരാധന സങ്കല്‍പങ്ങളുടെ പുകപടലങ്ങള്‍ മങ്ങി ക്ഷേത്രപരിസരം തെളിഞ്ഞത്. പിന്നീട് ക്ഷേത്രം സംരക്ഷിതപ്രദേശമായി. നട തുറക്കുന്നത് വല്ലപ്പോഴും മാത്രം.  ദര്‍ശനപുണ്യത്തിലുപരി പ്രകാശവേഗത്തില്‍ പായുന്ന ലോകത്തുനിന്ന് ആശ്വാസം തേടിയെത്തുന്നവര്‍ക്കുമുന്നില്‍ ഈ വാതില്‍ ഒരിക്കലും കൊട്ടിയടക്കപ്പെട്ടിട്ടില്ലെന്നുള്ള തിരിച്ചറിവോടെയാണ് മലയിറങ്ങിയത്. ഒപ്പം മലമുകളില്‍ പരിചയപ്പെട്ട ഉദ്യോഗസ്ഥന്റെ ആശങ്ക ഒരിക്കലും സത്യമാവരുതേയെന്ന ആത്മാര്‍ഥമായ ആഗ്രഹവും ഉള്ളില്‍ നിറഞ്ഞു.

ദേശാഭിമാനി വാരാന്തപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത്
ചിത്രങ്ങള്‍: പ്രവീണ്‍ എളായി

No comments:

Post a Comment