Thursday, December 8, 2011

ഡേര്‍ട്ടി പിക്ചര്‍- വിദ്യയുടെ വിജയം

കണ്ണില്‍ കാമത്തിന്റെ തീക്കനലുമായി പൊടുന്നനെയെത്തി, യുവഹൃദയങ്ങളില്‍ അഗ്നിനാളങ്ങള്‍ ഉതിര്‍ത്ത് പെട്ടെന്നണഞ്ഞുപോയ സില്‍ക്ക് സ്മിതയെന്ന പകരം വയ്ക്കാനില്ലാത്ത സെക്സ് സിംബലിന്റെ ജീവിതം പ്രമേയമാക്കിയെടുത്ത ഡേര്‍ട്ടി പിക്ചര്‍ വെറുമൊരു സോഫ്റ്റ് പോണാക്കി മാറ്റാതിരുന്നതിന് മിലന്‍ ലൂത്രിയക്കും വിദ്യ ബാലനും നന്ദി. സിനിമയുടെ വെള്ളിവെളിച്ചം തേടിയെത്തിയ നാട്ടിന്‍പുറത്തുകാരി രേഷ്മയില്‍നിന്ന് പ്രശസ്തിയുടെ അത്യുന്നതങ്ങളിലും നിരാശയുടെ പടുകുഴിയിലും എത്തിപ്പെടുന്ന സില്‍ക്കെന്ന മാദകത്തിടമ്പിനെ വിദ്യ ബാലന്‍ അനശ്വരമാക്കിയെന്ന് ഓരോ ഫ്രെയിമും വിളിച്ചോതുന്നു.  മധ്യവയസ്കനായ നായകന്‍ സൂര്യകാന്ത് (നസിറുദ്ദീന്‍ ഷാ), അയാളുടെ അനുജന്‍ തിരക്കഥാകൃത്ത് രമാകാന്ത് (തുഷാര്‍), സ്ത്രീശരീരത്തെ പ്രദര്‍ശിപ്പിച്ച് വിജയം കൊയ്യാനുള്ളതല്ല സിനിമയെന്ന് വിശ്വസിക്കുന്ന സംവിധായകന്‍ എബ്രഹാം (ഇമ്രാന്‍ ഹാഷ്മി) എന്നിവരുമായെല്ലാം അടുക്കുകയും അകലുകയും ചെയ്യുന്ന സില്‍ക്കിന്റെ വികാരവിചാരങ്ങള്‍ തികച്ചും സ്വാഭാവികമായാണ് ചിത്രം പറയുന്നത്.
 ജൂനിയര്‍ ആര്‍ടിസ്റ്റായി അവസരം തേടുന്ന രേഷ്മയുടെ പ്രതീക്ഷകളും അവസരത്തിനായി എന്തിനും തയ്യാറെന്ന മനോവീര്യവും സില്‍ക്കെന്ന നിലയില്‍ അനുഭവിക്കുന്ന സുഖസൌകര്യങ്ങളും സ്വാതന്ത്യ്രവും ഒടുവില്‍ ജീവിതം കൈവിട്ടുവെന്ന് ഉറപ്പായ സന്ദര്‍ഭത്തില്‍ അനുഭവിക്കുന്ന അന്തസംഘര്‍ഷങ്ങളും യാഥാര്‍ഥ്യബോധത്തോടെ പ്രേക്ഷകരിലെത്തിക്കാന്‍ മിലന്‍ ലൂത്രിയക്ക് കഴിഞ്ഞിട്ടുണ്ട്. പുകവലിയിലും മദ്യപാനത്തിലും അഭയം തേടി ആശ്രയമില്ലാതെ അലയുന്ന സില്‍ക്കെന്ന ബിംബത്തിന്റെ അവസാനദൃശ്യങ്ങള്‍ പ്രേക്ഷകനെ വല്ലാതെ അസ്വസ്ഥരാക്കും.
ലൈംഗികാതിപ്രസരമെന്ന് തോന്നിപ്പിക്കുന്ന രംഗങ്ങളും ലൈംഗികച്ചുവയുള്ള സംഭാഷണങ്ങളും ചിത്രത്തില്‍ ഉടനീളം കാണുന്ന പ്രേക്ഷകന്‍ പക്ഷേ, അവയ്ക്കെല്ലാമിടയില്‍ നിലനില്‍ക്കുന്ന പ്രണയത്തിന്റെയും പകയുടെയും ഏകാന്തതയുടെയും നിരാശയുടെയുമെല്ലാം കരുത്തുറ്റ ദൃശ്യങ്ങളാണ് അനുഭവിച്ചറിയുന്നത്.
ദേശീയ അവാര്‍ഡ് നേടിയ ഫാഷനില്‍ പ്രിയങ്ക ചോപ്ര കാഴ്ചവച്ചതിനൊപ്പമോ ഒരുപടി മുന്നിലോ ആണ് ഡേര്‍ട്ടി പിക്ചറില്‍ വിദ്യ ബാലന്റെ പ്രകടനം. വെറുമൊരു മസാലപ്പടം മാത്രമായി ഒതുങ്ങാന്‍ ഏറെ സാധ്യതകളുണ്ടായിരുന്ന രണ്ടു ചിത്രങ്ങള്‍ക്കും ജീവന്‍ നല്‍കിയത് നായികമാരാണെന്നതും ശ്രദ്ധേയം (സംവിധായകരുടെ മികവ് കാണാഞ്ഞിട്ടല്ല). ഫാഷനില്‍ കങ്കണ റണൌത്തിലൂടെ പ്രിയങ്കയ്ക്ക് ഒന്നാന്തരം എതിരാളിയെയും സഹനടിയെയും ലഭിച്ചെങ്കില്‍ വിദ്യ വിജയം നേടിയത് നസ്റുദ്ദീന്‍ ഷാ, ഇമ്രാന്‍ ഹാഷ്മി, തുഷാര്‍ തുടങ്ങിയ പുരുഷതാരങ്ങളോട് മത്സരിച്ചാണെന്നത് അവരുടെ മികവിന് മാറ്റുകൂട്ടുന്നു.
ഭ്രമിപ്പിക്കുന്ന പ്രശസ്തിയുടെ ധാരാളിത്തത്തില്‍ സ്വയം മറന്നുപോയ താരങ്ങള്‍ക്ക് എപ്പോള്‍ വേണമെങ്കിലും സംഭവിക്കാവുന്ന തിരിച്ചടികള്‍ ഇരുചിത്രങ്ങളും മനോഹരമായി സംവദിച്ചിട്ടുണ്ട്. എങ്കിലും യുവാക്കളുടെ ആവേശമായിരുന്ന സില്‍ക്ക് സ്മിതയെന്ന സെക്സ് ബോംബിന്റെ ജീവിതത്തെ ആസ്പദമാക്കിയ ചിത്രമെന്ന നിലയില്‍ ഡേര്‍ട്ടി പിക്ചര്‍ ബോളിവുഡിനെേക്കാള്‍ ദക്ഷിണേന്ത്യയോട് കൂടുതല്‍ ഒട്ടിനില്‍ക്കുന്നു.

No comments:

Post a Comment