Sunday, March 25, 2012

ജീവിക്കണോ അറിയണോ?????????


അറിയാനുള്ള അവകാശമാണോ ജീവിക്കാനുള്ള അവകാശമാണോ വലുതെന്ന് കേരളസമൂഹം ഇനിയും നിര്‍വചിക്കേണ്ടിയിരിക്കുന്നു. പത്ര ഏജന്റുമാര്‍ നടത്തുന്ന സമരത്തെ എതിര്‍ത്ത് കവലപ്രസംഗം നടത്തുന്നവര്‍, ഏജന്റുമാര്‍ ബില്‍തുകയേക്കാള്‍ 15 രൂപ വരിക്കാരില്‍നിന്ന് അധികം ഈടാക്കുന്നതെന്തിനെന്ന് അന്വേഷിക്കാനും ബാധ്യസ്ഥരാണ്.
സിഐടിയുവിന്റെ കീഴിലുള്ള യൂണിയനായതിനാല്‍ ദേശാഭിമാനിയെ മാത്രം സമരത്തില്‍ നിന്നൊഴിവാക്കി എന്ന തരത്തിലാണ് ചിലര്‍ വാര്‍ത്ത പ്രചരിപ്പിക്കുന്നത്. ദേശാഭിമാനി മാത്രമല്ല വീക്ഷണം, ചന്ദ്രിക, ജനയുഗം, ജന്മഭൂമി തുടങ്ങി രാഷ്ട്രീയ പാര്‍ടികളുടെ പത്രങ്ങള്‍ വിതരണം ചെയ്യാനാണ് തീരുമാനമെന്ന് സമരം ചെയ്യുന്ന ഏജന്റുമാര്‍ പറയുന്നു. എന്നാല്‍ കോണ്‍ഗ്രസും ബിജെപിയും മുസ്ലീം ലീഗും വിവിധ കേരള കോണ്‍ഗ്രസുകളും ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ടികളില്‍ വിശ്വസിക്കുന്നവരും അവയുടെ പ്രവര്‍ത്തകരും അല്ലാത്തവരുമായ ഏജന്റുമാര്‍ സമരത്തിലുണ്ട്. സിഐടിയുവിനെ കുറ്റം പറഞ്ഞ് സമരത്തിനെതിരെ കുപ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്ക് ഇക്കാര്യം അറിയാത്തതോ, അതോ കണ്ണടച്ചിരുട്ടാക്കുന്നതോ?
ഏജന്റുമാരുടെ സമരത്തിനെതിരെ പ്രമുഖ പത്രങ്ങളില്‍ ഒന്നാം പേജില്‍ പ്രസ്താവന നല്‍കിയ ഐഎന്‍എസിന്റെ കോഴിക്കോട് മേഖല ഓഫീസിലേക്കാണ് മജീതിയ വേജ് ബോര്‍ഡ് ശുപാര്‍ശകള്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഞായറാഴ്ച കേരളത്തിലെ പത്രജീവനക്കാരും പത്രപ്രവര്‍ത്തകരും മാര്‍ച്ച് നടത്തിയത്. 12 വര്‍ഷമായി നടപ്പാക്കാത്ത ശമ്പളവര്‍ധന ഉള്‍പ്പെടെയുള്ള ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കണമെന്നാണ് സമരത്തിലെ ആവശ്യം. ഏജന്റുമാരുടെ ആവശ്യങ്ങള്‍ക്കെതിരെ പത്രത്താളുകളില്‍ ഘോരഘോരം അറിയാനുള്ള അവകാശം ഉദ്ഘോഷിക്കുന്ന ഐഎന്‍എസ് നേതൃത്വം പത്രസ്ഥാപനങ്ങളിലെ സ്ഥിരം ജീവനക്കാരുടെ സമരത്തെക്കുറിച്ച് കുറ്റകരമായ മൌനം പാലിക്കുന്നു. ഇനി പ്രക്ഷോഭം ശക്തമാക്കുന്നതിന്റെ ഭാഗമായി പത്രപ്രവര്‍ത്തകരും ജീവനക്കാരും മറ്റു സമരമാര്‍ഗങ്ങളിലേക്കു കടക്കാന്‍ നിര്‍ബന്ധിതരായാല്‍ അറിയുവാനുള്ള അവകാശത്തിനുവേണ്ടി മുറവിളി കൂട്ടുന്നവര്‍ എവിടെപ്പോകും?. നിലവില്‍ പത്ര ഏജന്റുമാരുടെ സമരത്തിനെതിരെ മാനേജ്മെന്റിന്റെ താല്‍പര്യങ്ങള്‍ക്കു വഴങ്ങി ഒരുപേജും അതിലധികവും വാര്‍ത്തയെഴുതുന്നവരും അത് പുറത്തുവരാനായി പണിയെടുക്കുന്നവരും തങ്ങളുടെ ആവശ്യങ്ങളും മുതലാളിയുടെ തട്ടിന്‍പുറത്താണെന്ന് ഓര്‍ക്കുന്നുണ്ടാകുമോ ആവോ????

ഓഫ് റെക്കോര്‍ഡ്: കേരളത്തില്‍ മാധ്യമം ദിനപ്പത്രം മാത്രമാണ് വേജ് ബോര്‍ഡ് ശുപാര്‍ശകള്‍ നടപ്പാക്കിയത്. ലക്ഷക്കണക്കിന് പ്രതികള്‍ വില്‍ക്കുന്ന പത്രങ്ങളിലൊന്നിന്റെ മാനേജ്മെന്റ്, വേജ് ബോര്‍ഡ് നടപ്പാക്കാനാവില്ലെന്ന് വ്യക്തമാക്കിയതായി അവിടുത്തെ ജീവനക്കാര്‍ പറയുന്നു.

Friday, January 27, 2012

കാസനോവ: അരുതായ്മയുടെ വഴികള്‍

ബഹുരാഷ്ട്ര പൂക്കച്ചവടക്കാരനായ നായകന്‍ വിവിധ രാജ്യങ്ങളില്‍നിന്നുള്ള സുന്ദരികളെ മാറിമാറി തന്റെ കിടപ്പറയിലേക്ക് ക്ഷണിക്കുന്നതിന്റെ പൊളപ്പന്‍ കാഴ്ചകളുമായിറങ്ങിയ അപൂര്‍വസുന്ദര ആക്ഷന്‍, പ്രണയ, ത്രില്ലര്‍ ചലച്ചിത്രമാണ് നമുക്ക് കിട്ടിയ റിപ്പബ്ളിക് ദിന സമ്മാനം കാസനോവ. മലയാളത്തിലെ ഏറ്റവും ചിലേവറിയ ചിത്രവും ഏറ്റവും സ്ത്രീവിരുദ്ധമായ ചിത്രവും ഒന്നു തന്നെയാവണമെന്ന നിര്‍ബന്ധബുദ്ധിയോടെ എടുത്തതാണോയെന്ന് ചിത്രം കണ്ടിറങ്ങിയവര്‍ സംശയിച്ചാല്‍ കുറ്റം പറയാനാകില്ല. അത്രയും മോശമാണ് കാസനോവയുടെ സഞ്ചാരങ്ങള്‍.
പൂക്കവടക്കാരനായ നായകന്‍ ദുബായില്‍ ഒഴിവുകാലം ചെലവഴിക്കാനെത്തുന്നതില്‍നിന്നാണ് ചിത്രം തുടങ്ങുന്നത്. വിമാനത്താവളത്തില്‍ കാസനോവയെ കാത്തുനില്‍ക്കുന്ന പെണ്‍പട മുതല്‍ പടം വശപ്പിശക് ലൈനിലേക്ക് മാറും. വിവിധ രാജ്യങ്ങളില്‍നിന്നുള്ള സുന്ദരിമാര്‍ പ്രത്യേക കാരണമൊന്നുമില്ലാതെ മോഹന്‍ലാലിന്റെ മനോഹരദേഹത്തിലേക്ക് സ്വന്തം ദേഹിയെ മറന്ന് വിലയം പ്രാപിക്കുന്നതാണ് പിന്നീടങ്ങോട്ട്. പെണ്ണുങ്ങള്‍  വസ്ത്രം പോലെ ഉപയോഗിച്ച് ഉപേക്ഷിക്കാവുന്ന ചരക്കുകള്‍ മാത്രമാണെന്ന കാഴ്ചപ്പാടിന് ബലം നല്‍കുന്ന സീനുകള്‍ മാത്രമാണ് ചിത്രം പങ്കുവയ്ക്കുന്നത്.
ഇന്റര്‍വെല്‍ വരെ അങ്ങനെ ദുബായിലെ അവധിക്കാലം ആഘോഷമാക്കി നടക്കുന്ന നായകന്‍ പിന്നീടാണ് തന്റെ ജീവിതത്തിലെ ഫയങ്കര ദുരന്തകഥ പ്രേക്ഷകനു മുന്നില്‍ തുറക്കുന്നത്. തൊട്ടുമുമ്പുള്ള അവധിക്കാലത്താണ് ആ ദുരന്തകഥ അരങ്ങേറുന്നത്. കണ്ണില്‍ കാണുന്ന പെണ്ണുങ്ങളെല്ലാം തനിക്ക് ഉമ്മവയ്ക്കാനുള്ളതാണെന്ന് ധരിച്ച നായകന്‍ പെട്ടെന്ന് അപൂര്‍വസുന്ദരിയുമായി (ശ്രീയ ശരണ്‍) ദിവ്യപ്രണയത്തിലാകുന്നു. കഴിഞ്ഞതെല്ലാം മറന്ന് അവളെ സ്വന്തമാക്കാന്‍ ഒരുങ്ങുന്നതിനിടയില്‍ നായിക കൊല്ലപ്പെടുന്നു. പിറ്റേക്കൊല്ലത്തെ വരവ് പകരം വീട്ടലിനുള്ളതാണ്; പോരേ പൂരം.
ക്ളൈമാക്സില്‍ ഇന്റര്‍പോള്‍ ഓഫീസര്‍മാരുടെയും ദുബായ് പൊലീസിന്റെയും മുന്നില്‍ കൊലപാതകം നടത്തി ആകാശത്തേക്കു നോക്കിയിരിക്കുന്ന ലാലേട്ടന്‍ തമിഴ്, ഹിന്ദി, ഇംഗ്ളീഷ്, അറബി, മലയാളം എന്നീ പരിഭാഷകളോടെ ഐ ലവ് യു പറയുന്ന സീന്‍ ആരുടേയും കണ്ണുനനയിക്കും. കുറ്റബോധംകൊണ്ടായിരിക്കുമെന്നു മാത്രം.
നായകന്റെ കുതിരയെ നോക്കുന്നതുവരെ സ്ത്രീകളാണങ്കിലും പ്രൈവറ്റ് സെക്രട്ടറി പുരുഷന്‍ (ജഗതി) ആണെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ലക്ഷ്മി റായി, സഞ്ജന, റോമ എന്നിവരും ചിത്രത്തിലുണ്ട്. റോമയുടെ കാര്യം കുറേ കഷ്ടം തന്നെയാണ്. ദുബായ് പോലെ മുസ്ലിം ഭൂരിപക്ഷരാജ്യത്തെ കന്യാസ്ത്രീ മഠത്തില്‍ മോസ്റ്റ് മോഡേണ്‍ വേഷമിട്ട് തെക്കുവടക്കു നടക്കാന്‍ വേണ്ടി ഒരു കഥാപാത്രത്തെ തന്നെ സൃഷ്ടിച്ചിരിക്കുന്നു ശ്രീമാന്‍മാര്‍ ബോബിയും സഞ്ജയും.
ഡയലോഗിലെ മികവ്
സഹനടന്‍മാര്‍
രണ്ടാഴ്ചയില്‍ കൂടുതല്‍ ഒരുപെണ്ണിനെയും കാസനോവ കൂടെ നിര്‍ത്താറില്ല; അക്കണക്കിന് ലവളുടെ കാലാവധി നാളെ തീരും.
കാസനോവ ദുബായിലെത്തിയാല്‍ പിന്നെ ഭര്‍ത്താക്കന്‍മാര്‍ക്കും കാമുകന്‍മാര്‍ക്കും അച്ഛനമാര്‍ക്കും ഇരിക്കപ്പൊറുതിയുണ്ടാകില്ല. പെണ്ണുങ്ങള്‍ക്ക് മുഴുവന്‍ കുക്കിങ് ക്ളാസ്, ഹെല്‍ത്ത് ക്ളബ്, ഷോപ്പിങ്. പക്ഷേ അങ്ങനെയൊരു ട്യൂഷന്‍ സെന്ററും ഹെല്‍ത്ത് ക്ളബും ഉണ്ടാകില്ല. തേടിച്ചെന്നാല്‍ എല്ലാവരും ----- ഹോട്ടലിലെ 405ാം നമ്പര്‍ സ്വീറ്റ് റൂമിലുണ്ടാകും. കാസനോവയുടെ റൂം.
നായിക
എന്നെ കെട്ടുന്നവന്‍ ആരായാലും അയാള്‍ക്ക് എന്റെ എന്തെങ്കിലും നഷ്ടപ്പെട്ടിണ്ടേയെന്ന് പരിശോധിച്ച് ഉറപ്പുവരുത്തേണ്ടിവരില്ല.
നായകന്‍
ഈ പെണ്ണുങ്ങളെയൊന്നും ഞാനായിട്ട് ക്ഷണിക്കുന്നതല്ല; അവരായിട്ട് വന്നുകയറുന്നതാണ്. ഈ റേഞ്ചിലും മുകളിലും താഴെയുമായി ഇനിയുമുണ്ട് അനേകം.

പ്രണയം, പ്രണയം എന്നിങ്ങനെ നൂറുതവണ പറയുന്ന ചിത്രം പക്ഷേ സംവദിക്കുന്നത് പ്രണയശൂന്യമായ കാമത്തിന്റെയും കടുത്ത സ്ത്രീവിരുദ്ധതയുടെയും അശ്ളീലത്തിന്റെയും ദൃശ്യവല്‍ക്കരണം മാത്രമാണ്. റിപ്പബ്ളിക് ദിനത്തില്‍ 'ദേശീയോദ്ധാരണത്തിന്' പ്രാധാന്യം നല്‍കുന്ന കാസനോവ കണ്ടിറങ്ങിയ പ്രേക്ഷകര്‍ക്ക് നന്ദി. ഏറ്റവും മുതല്‍മുടക്കുള്ള മലയാളചിത്രത്തില്‍നിന്ന് കോണ്‍ഫിഡന്റ് റോയിച്ചന് നഷ്ടം വന്നാല്‍ അതുമോശമല്ലേ?
കുറ്റങ്ങള്‍ ഏറെയുള്ള ചിത്രം മുഴുവന്‍ കാണാന്‍ പ്രേരിപ്പിച്ചത് അല്‍പമെങ്കിലും വൃത്തിയുള്ള ക്യാമറയാണ്. ജിം ഗണേശന് നന്ദി. ആക്ഷന്‍ സീനുകളും കുളമാക്കിയില്ല.
പടം കഴിഞ്ഞിറങ്ങിയപ്പോ കേട്ട അനേകം തെറികള്‍ക്കിടയില്‍ ഏറ്റവും മനോഹരമായ കമന്റ് ടീവീല് വരുന്ന ദിവസം വീട്ടിലെ പീസ് (ഫ്യൂസ്) ഊരിവയ്ക്കണം. അല്ലേല്‍ പിള്ളേരു കാണും.

Monday, December 12, 2011

ശാന്തിയുടെ തണല്‍ വിരിച്ച് ചിത്രാള്‍

ശത്രു നിന്റെ ഉള്ളില്‍ത്തന്നെയാണ്. ശത്രുവിനെ കീഴടക്കിയവന്‍ ലോകം ജയിച്ചവനാകുന്നു. തന്റെ ഉള്ളില്‍ ഒരു ശത്രുവുണ്ട് എന്ന് തിരിച്ചറിഞ്ഞവര്‍ ഗുരുവിനെ തേടി. ആ ഗുരുവും നീ തന്നെയെന്ന മഹാഗുരുവിന്റെ വചനം ശ്രവിച്ചവന്‍ ആസക്തികളെയും ആഗ്രഹങ്ങളെയും ജയിച്ചവനായി............. ജിനനായി. ജിനന്‍ എന്നാല്‍ ജയിച്ചവന്‍ എന്നര്‍ഥം.......
                                  ചിത്രാള്‍ ജൈനക്ഷേത്രം

ബീഹാറിലെ വൈശാലിയില്‍ ജനിച്ച് പന്ത്രണ്ടുവര്‍ഷത്തെ കഠിനതപസിനുശേഷം ജിനനായിത്തീര്‍ന്ന വര്‍ധമാന മഹാവീരന്റെ ഓര്‍മകളെ ഗര്‍ഭത്തില്‍ സൂക്ഷിച്ച് മന:ശാന്തിയുടെ അനേകകോടി മുഹൂര്‍ത്തങ്ങള്‍ക്ക് ജന്മം നല്‍കിയാണ് ചിത്രാള്‍ ജൈനക്ഷേത്രം നിലകൊള്ളുന്നത്. തേടിയെത്തുന്നവര്‍ക്കെല്ലാം മന:ശാന്തി മാത്രം പ്രസാദമായി നല്‍കി സഞ്ചാരികളുടെ മനസിന് കുളിര്‍മയുടെ തൂവല്‍സ്പര്‍ശം സമ്മാനിക്കുന്നു ഇവിടം.
ലോകടൂറിസം ഭൂപടത്തില്‍ ഇടം നേടിയ കന്യാകുമാരിയില്‍നിന്ന് 50 കിലോമീറ്റര്‍ മാത്രം അകലെയാണ് ചിത്രാള്‍ ജൈനക്ഷേത്രം. പാറക്കെട്ടുകള്‍ മേല്‍ക്കൂര തീര്‍ക്കുന്ന അപൂര്‍വത. ചുറ്റുമതിലില്‍ കാലം വരുംതലമുറക്കായി കാത്തുവച്ച ശില്‍പഭംഗി. വര്‍ധമാന മഹാവീരന്റെയും തീര്‍ഥങ്കരന്മാരുടെയും രൂപങ്ങളോടൊപ്പം പുരാതന ശൈവ-വൈഷ്ണവ മാതൃകകളും. പാറക്കെട്ടുകള്‍ക്കുതാഴെ ക്ഷേത്രമുണ്ടെന്നു വിളംബരം ചെയ്യുംവിധം മുകളില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ഗോപുരം. പതിനാലാം നൂറ്റാണ്ടിലെ കരവിരുതിന്റെ മകുടോദാഹരണം. എല്ലാത്തിലുമപരി ക്ഷേത്രത്തിനുതാഴെ പന്ത്രണ്ടുമാസവും ജലസമൃദ്ധിയേകുന്ന കുളം. പ്രാര്‍ഥനയിലും വിശ്വാസത്തിലുമുപരി  തേടിയെത്തുന്നവര്‍ക്ക് നല്‍കുന്ന മന:ശാന്തിയുടെ തണലും ആശ്വാസത്തിന്റെ കുളിര്‍മയുമാണ് ചിത്രാളിലെ ജൈനക്ഷേത്രത്തെ സഞ്ചാരികള്‍ക്കു പ്രിയപ്പെട്ടതാക്കുന്നത്.
തിരുവനന്തപുരത്തുനിന്ന് അമ്പതുകിലോമീറ്റര്‍ അകലെ കേരള- തമിഴ്നാട് അതിര്‍ത്തിയില്‍ മാര്‍ത്താണ്ഡം (കുഴിത്തുറൈ) റെയില്‍വേ സ്റ്റേഷനില്‍ പുലര്‍ച്ചെ അഞ്ചുമണിയോടെ ട്രെയിനിറങ്ങുമ്പോള്‍ മഹാവീരന്റെ പിന്‍ഗാമികള്‍ ശാന്തി തേടി ചിത്രാളിലെത്താനുള്ള കാരണമെന്തെന്ന ചോദ്യമായിരുന്നു മനസില്‍. സ്റ്റേഷനുമുന്നിലെ ചായക്കടയിലെത്തി അറിയാവുന്ന തമിഴില്‍ വഴി ചോദിക്കാനൊരുങ്ങവേ തൊട്ടപ്പുറത്തുനിന്ന് ചായകുടിക്കുകയായിരുന്ന മുരുകന്‍ രക്ഷക്കെത്തി. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജോലി ചെയ്തിട്ടുള്ള മുരുകന് മലയാളവും 'തായ്മൊഴി'. ചിത്രാളെന്നും ജൈനക്ഷേത്രമെന്നുമെല്ലാം കേട്ട് ശങ്കിച്ചുനിന്ന നാട്ടുകാര്‍ക്ക് മുരുകന്‍ കാര്യം വിശദീകരിച്ചു-"നമ്മ മലൈകാവില്‍ താനണ്ണേ. ഇവങ്ക കേരളാവിലിരുന്ത് കോവില്‍ പാര്‍ക്ക വന്തിറുക്കേന്‍''. ഞങ്ങള്‍ തേടിയ ചിത്രാളിലെ ജൈനക്ഷേത്രം ദേവീപ്രതിഷ്ഠയുള്ള മലൈകോവിലാണവര്‍ക്കെന്ന് മനസിലാക്കാന്‍ പിന്നെയും സമയമെടുത്തു. ഭാഷാവിദഗ്ധന്റെ മെയ്വഴക്കത്തോടെ മലയാളത്തിലേക്കു ചുവടുമാറ്റിച്ചവിട്ടി വഴി വിശദീകരിച്ച് ഞങ്ങള്‍ നാലുപേരെയും ചായയും കുടിപ്പിച്ചേ മുരുകന്‍ വിട്ടുള്ളൂ.
സ്റ്റേഷനില്‍നിന്ന് കയറ്റംകയറി ബസ്സ്റ്റാന്‍ഡിലെത്തിയപ്പോഴാണ് സമയത്തെക്കുറിച്ച് ഓര്‍മവന്നത്. നേരം പുലരുന്നതേയുള്ളൂ. കപ്പയും പച്ചക്കറികളും മീന്‍കുട്ടയുമൊക്കെ തലയിലേന്തി ചന്തയിലേക്കുപോകുന്ന ഗ്രാമീണരുടെ കാഴ്ച ഹൃദ്യമായിരുന്നു. ഒരുനിമിഷം നാട്ടിലെ കൃഷിയിടങ്ങില്‍ വളര്‍ന്നുവരുന്ന കോണ്‍ക്രീറ്റ് കെട്ടിടങ്ങളെ മനസിലോര്‍ത്തു. ചുറ്റിലും നിറയുന്ന ഇളംമഞ്ഞ് ഓര്‍മകളെ തഴുകിമാറ്റിക്കടന്നുപോയി. ആറുമണിയോടെ മലൈകോവിലിലേക്കുള്ള ആദ്യബസ് വന്നു. നമുക്കന്യമാവുന്ന നാട്ടിന്‍പുറക്കാഴ്ചകള്‍ ആവോളമാസ്വദിക്കുമ്പോഴേക്കും കോവിലെത്തിയെന്ന് കണ്ടക്ടര്‍ ഓര്‍മപ്പെടുത്തി. 

                                                         കരിങ്കല്‍ വിരിച്ച നടപ്പാത
 കോവിലിനടുത്ത് നല്ല കടകളൊന്നുമില്ലെന്ന മുരുകന്റെ സ്നേഹപൂര്‍വമായ ഉപദേശത്തെ അവഗണിച്ചതില്‍ ബസിറങ്ങിയപ്പോള്‍തന്നെ പശ്ചാത്താപം തോന്നി. ആകെയുള്ളത് രണ്ട് ചെറിയ കടകള്‍. രണ്ടും തുറന്നിട്ടുമില്ല. കോവിലിക്ക്േ സ്വാഗതമോതുന്ന കൂറ്റന്‍ കവാടം കടന്ന് ചെറിയ വഴിയിലേക്കു പ്രവേശിക്കുമ്പോള്‍തന്നെ വിശപ്പിനെ മറന്നു. കാലം കാത്തുവച്ച നിറക്കാഴ്ചകളിലേക്ക് കണ്‍തുറക്കാന്‍ നടപ്പു തുടര്‍ന്നു. ക്ഷേത്രത്തിലേക്കു പ്രവേശിക്കുന്നിടത്തെത്തിയപ്പോള്‍ വീണ്ടും ഞെട്ടല്‍. വലിയ ഗേറ്റ് പൂട്ടിയിരിക്കുന്നു. നേരം പുലരുന്നതിനുമുമ്പേ വന്നതെന്തിനെന്ന ചോദ്യവുമായി നാട്ടുകാരുടെ നോട്ടം. എന്തും വരട്ടെയെന്ന ചിന്തയുമായി ആദ്യംകണ്ട കെട്ടിടത്തിലേക്കു നടന്നു. തമിഴ്സിനമകളില്‍നിന്നു പഠിച്ച മുറിത്തമിഴുമായി വിഷമിക്കുമ്പോഴേക്കും മാതൃഭാഷയില്‍ ചോദ്യമെത്തി. എവിടുന്നാ ഇത്ര രാവിലെ?. ചോദ്യകര്‍ത്താവിനെ പരിചയപ്പെട്ടപ്പോഴാണ് ആശ്വാസമായത്. ക്ഷേത്ത്രിന്റെ ഇപ്പോഴത്തെ ചുമതലയുള്ള കേന്ദ്ര പുരാവസ്തുവകുപ്പിലെ ഉദ്യോഗസ്ഥന്‍ കൊല്ലം സ്വദേശി രാധാകൃഷ്ണനാണ് മുന്നില്‍നില്‍ക്കുന്നത്. ആവശ്യമറിഞ്ഞപ്പോള്‍ സഹായിക്കാമെന്നേറ്റു. അങ്ങനെ ശാന്തി മന്ത്രങ്ങളുറങ്ങുന്ന മലനിരയിലേക്കുള്ള വാതില്‍ അദ്ദേഹംതന്നെ തുറന്നുതന്നു.
 ഇരുവശവും പറങ്കിമാവുകള്‍ തണല്‍വിരിക്കുന്ന കരിങ്കല്‍പാതയിലൂടെ 650മീറ്റര്‍ കയറ്റം കയറി മുകളിലെത്തിയാല്‍ മനസിലുയരുന്ന എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം ലഭിക്കും. ക്ഷേത്രത്തിനു താഴെ സ്വാഗതമോതി നില്‍ക്കുന്ന ആല്‍മരം. 

                                                     ക്ഷേത്രത്തിന്റെ മുകള്‍ഭാഗം
ആല്‍മരത്തിനു സമീപത്തെ പടികള്‍ കയറിച്ചെല്ലുന്നത് ക്ഷേത്രത്തിന്റെ മുകള്‍ ഭാഗത്തേക്കാണ്. പാറക്കെട്ടുകള്‍ക്ക് മുകളില്‍നിന്നുള്ള പശ്ചിമഘട്ട മലനിരകളുടെ കാഴ്ച അനിര്‍വചനീയമായ അനുഭൂതിയാണ് സമ്മാനിക്കുക. പാറക്കെട്ടുകള്‍ക്കുതാഴെ സങ്കീര്‍ണതകളില്ലാത്ത ചിന്തയുടെ പ്രതീകം പോലെ ശാന്തമായൊഴുകുന്ന താമ്രപര്‍ണീ നദി. സഞ്ചാരികളെ ശല്യം ചെയ്യരുതെന്നു നിര്‍ബന്ധമുള്ളതുപോലെ ശാന്തിമന്ത്രങ്ങളും പേറി തഴുകി കടന്നുപോകുന്ന ഇളംകാറ്റ്.
 പാറക്കെട്ടുകള്‍ക്കിടയിലൂടെപടിക്കെട്ടുകളിറങ്ങിയാല്‍ ക്ഷേത്രമുറ്റത്തെത്തും. അകത്തും പുറത്തുമായി പതിനാറ് തൂണുകള്‍. എല്ലാം ശില്‍പഭംഗിയാല്‍ അലംകൃതം. 

                                                     കരിങ്കല്‍ തൂണുകള്‍.
ക്ഷേത്രത്തിനകത്തെത്തിയാല്‍ മണ്ഡപത്തിനകത്തെ ഇരുട്ടും കിഴക്കുഭാഗത്തെ ചെറിയ ജനലിലൂടെ കടന്നെത്തുന്ന വെളിച്ചവും ചേര്‍ന്നുള്ള മായക്കാഴ്ചയുമായി പൊരുത്തപ്പെടുന്ന കണ്ണുകള്‍ അത്ഭുതംകൊണ്ട് വിടരുകയാണ് ആദ്യം ചെയ്യുക. കിഴക്കുവശത്തെ പാറയില്‍ പുരാതനലിപിയില്‍ കൊത്തിവച്ച വാചകങ്ങള്‍ പഴമയുടെ സ്മാരകം പോലെ തെളിഞ്ഞുനില്‍ക്കുന്നു.
 ക്ഷേത്രത്തിലെത്തി ഒരുമണിക്കൂര്‍ കഴിയുമ്പേഴേക്കും താഴെ കടുകുമണികള്‍ പോലെ തലകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി. മൂന്നുപേരടങ്ങുന്ന കുടുംബമാണ് ആദ്യമെത്തിയത്. ക്ഷേത്രത്തിനകത്ത് പ്രവേശിച്ച ഉടനെ മൂവരും ധ്യാനനിമഗ്നരായി. ഒരു മണിക്കൂറിനുശേഷമാണ് ഗൃഹനാഥനെ പരിചയപ്പെടാന്‍ കഴിഞ്ഞത്. വ്യോമസേനയില്‍ ഉയര്‍ന്ന തസ്തികയില്‍നിന്ന് വിരമിച്ച ആളാണ് കക്ഷി. വിനോദസഞ്ചാരികളാണോയെന്ന ചോദ്യത്തിന് നഗരത്തിരക്കില്‍നിന്നും അല്‍പം ആശ്വാസം തേടിയാണെത്തിയതെന്നു നീരസത്തോടെ മറുപടി. പത്രപ്രവര്‍ത്തകരാണെന്നു പറഞ്ഞപ്പോള്‍ സംസാരിക്കാന്‍ താല്‍പര്യം കാണിച്ചു. ഇടക്കിടെ കുടുംബസമേതം വരാറുണ്ടെന്നും തിരക്കുപിടിച്ച ജീവിതത്തില്‍ ഇതുപോലുള്ള സ്ഥലങ്ങള്‍ പകരുന്ന ആശ്വാസം ചെറുതല്ലെന്നും അദ്ദേഹം പറഞ്ഞു. ഒപ്പം വിനോദസഞ്ചാരികളെന്ന പേരില്‍ കൂട്ടമായെത്തി പ്രദേശത്തിന്റെ ശാന്തിയും വിശുദ്ധിയും തകര്‍ക്കുന്നവരെപ്പറ്റിയുള്ള ആശങ്കകളും പങ്കുവച്ചു.  

                                                       സുമേഷ്, പ്രവീണ്‍, ദിനില്‍
 പതിനാലാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ നിര്‍മിച്ചതാണ് ക്ഷേത്രം. മഹാവീരന്റെ അനുഗാമികള്‍ അനന്തസഞ്ചാരത്തിനിടയിലെപ്പോഴോ വന്നണഞ്ഞതാവണം. ഇവിടെയെത്തുന്ന സഞ്ചാരികളെപ്പോലെ വീണ്ടും വരാന്‍ അവരും ആഗ്രഹിച്ചിരിക്കുമെന്നുറപ്പ്. അതിനുവേണ്ടി നിര്‍മിച്ചതാണ് ക്ഷേത്രമെന്നും കരുതുന്നു. എന്നാല്‍ മനോഹരമായതെന്തും കൈപ്പിടിയിലൊതുക്കുന്ന രാജദൃഷ്ടിയില്‍നിന്നും ക്ഷേത്രത്തെ ഒളിപ്പിക്കുവാന്‍ ചുറ്റുമുള്ള പാറക്കൂട്ടത്തിനു കഴിഞ്ഞില്ല. തിരുവിതാംകൂറില്‍ ചിത്തിരതിരുനാള്‍ മഹാരാജാവിന്റെ ഭരണകാലത്ത് ക്ഷേത്രം കൊട്ടാരത്തിന്റെ കീഴിലായി. മഹാവീരന്റെയും തീര്‍ഥങ്കരനായ പാര്‍ശ്വനാഥന്റെയും രൂപങ്ങള്‍ക്കു പുറമേ ദേവീസങ്കല്‍പം കൂടി ക്ഷേത്രത്തില്‍ അടിച്ചേല്‍പിക്കപ്പെട്ടു. ഇതിനുതെളിവായി മായാത്ത മുദ്രയും പേറി ക്ഷേത്രത്തിനു കിഴക്ക് കല്‍ത്തൂണിനു കീഴെ ശിലാഫലകം. 

Thursday, December 8, 2011

ഡേര്‍ട്ടി പിക്ചര്‍- വിദ്യയുടെ വിജയം

കണ്ണില്‍ കാമത്തിന്റെ തീക്കനലുമായി പൊടുന്നനെയെത്തി, യുവഹൃദയങ്ങളില്‍ അഗ്നിനാളങ്ങള്‍ ഉതിര്‍ത്ത് പെട്ടെന്നണഞ്ഞുപോയ സില്‍ക്ക് സ്മിതയെന്ന പകരം വയ്ക്കാനില്ലാത്ത സെക്സ് സിംബലിന്റെ ജീവിതം പ്രമേയമാക്കിയെടുത്ത ഡേര്‍ട്ടി പിക്ചര്‍ വെറുമൊരു സോഫ്റ്റ് പോണാക്കി മാറ്റാതിരുന്നതിന് മിലന്‍ ലൂത്രിയക്കും വിദ്യ ബാലനും നന്ദി. സിനിമയുടെ വെള്ളിവെളിച്ചം തേടിയെത്തിയ നാട്ടിന്‍പുറത്തുകാരി രേഷ്മയില്‍നിന്ന് പ്രശസ്തിയുടെ അത്യുന്നതങ്ങളിലും നിരാശയുടെ പടുകുഴിയിലും എത്തിപ്പെടുന്ന സില്‍ക്കെന്ന മാദകത്തിടമ്പിനെ വിദ്യ ബാലന്‍ അനശ്വരമാക്കിയെന്ന് ഓരോ ഫ്രെയിമും വിളിച്ചോതുന്നു.  മധ്യവയസ്കനായ നായകന്‍ സൂര്യകാന്ത് (നസിറുദ്ദീന്‍ ഷാ), അയാളുടെ അനുജന്‍ തിരക്കഥാകൃത്ത് രമാകാന്ത് (തുഷാര്‍), സ്ത്രീശരീരത്തെ പ്രദര്‍ശിപ്പിച്ച് വിജയം കൊയ്യാനുള്ളതല്ല സിനിമയെന്ന് വിശ്വസിക്കുന്ന സംവിധായകന്‍ എബ്രഹാം (ഇമ്രാന്‍ ഹാഷ്മി) എന്നിവരുമായെല്ലാം അടുക്കുകയും അകലുകയും ചെയ്യുന്ന സില്‍ക്കിന്റെ വികാരവിചാരങ്ങള്‍ തികച്ചും സ്വാഭാവികമായാണ് ചിത്രം പറയുന്നത്.
 ജൂനിയര്‍ ആര്‍ടിസ്റ്റായി അവസരം തേടുന്ന രേഷ്മയുടെ പ്രതീക്ഷകളും അവസരത്തിനായി എന്തിനും തയ്യാറെന്ന മനോവീര്യവും സില്‍ക്കെന്ന നിലയില്‍ അനുഭവിക്കുന്ന സുഖസൌകര്യങ്ങളും സ്വാതന്ത്യ്രവും ഒടുവില്‍ ജീവിതം കൈവിട്ടുവെന്ന് ഉറപ്പായ സന്ദര്‍ഭത്തില്‍ അനുഭവിക്കുന്ന അന്തസംഘര്‍ഷങ്ങളും യാഥാര്‍ഥ്യബോധത്തോടെ പ്രേക്ഷകരിലെത്തിക്കാന്‍ മിലന്‍ ലൂത്രിയക്ക് കഴിഞ്ഞിട്ടുണ്ട്. പുകവലിയിലും മദ്യപാനത്തിലും അഭയം തേടി ആശ്രയമില്ലാതെ അലയുന്ന സില്‍ക്കെന്ന ബിംബത്തിന്റെ അവസാനദൃശ്യങ്ങള്‍ പ്രേക്ഷകനെ വല്ലാതെ അസ്വസ്ഥരാക്കും.
ലൈംഗികാതിപ്രസരമെന്ന് തോന്നിപ്പിക്കുന്ന രംഗങ്ങളും ലൈംഗികച്ചുവയുള്ള സംഭാഷണങ്ങളും ചിത്രത്തില്‍ ഉടനീളം കാണുന്ന പ്രേക്ഷകന്‍ പക്ഷേ, അവയ്ക്കെല്ലാമിടയില്‍ നിലനില്‍ക്കുന്ന പ്രണയത്തിന്റെയും പകയുടെയും ഏകാന്തതയുടെയും നിരാശയുടെയുമെല്ലാം കരുത്തുറ്റ ദൃശ്യങ്ങളാണ് അനുഭവിച്ചറിയുന്നത്.
ദേശീയ അവാര്‍ഡ് നേടിയ ഫാഷനില്‍ പ്രിയങ്ക ചോപ്ര കാഴ്ചവച്ചതിനൊപ്പമോ ഒരുപടി മുന്നിലോ ആണ് ഡേര്‍ട്ടി പിക്ചറില്‍ വിദ്യ ബാലന്റെ പ്രകടനം. വെറുമൊരു മസാലപ്പടം മാത്രമായി ഒതുങ്ങാന്‍ ഏറെ സാധ്യതകളുണ്ടായിരുന്ന രണ്ടു ചിത്രങ്ങള്‍ക്കും ജീവന്‍ നല്‍കിയത് നായികമാരാണെന്നതും ശ്രദ്ധേയം (സംവിധായകരുടെ മികവ് കാണാഞ്ഞിട്ടല്ല). ഫാഷനില്‍ കങ്കണ റണൌത്തിലൂടെ പ്രിയങ്കയ്ക്ക് ഒന്നാന്തരം എതിരാളിയെയും സഹനടിയെയും ലഭിച്ചെങ്കില്‍ വിദ്യ വിജയം നേടിയത് നസ്റുദ്ദീന്‍ ഷാ, ഇമ്രാന്‍ ഹാഷ്മി, തുഷാര്‍ തുടങ്ങിയ പുരുഷതാരങ്ങളോട് മത്സരിച്ചാണെന്നത് അവരുടെ മികവിന് മാറ്റുകൂട്ടുന്നു.
ഭ്രമിപ്പിക്കുന്ന പ്രശസ്തിയുടെ ധാരാളിത്തത്തില്‍ സ്വയം മറന്നുപോയ താരങ്ങള്‍ക്ക് എപ്പോള്‍ വേണമെങ്കിലും സംഭവിക്കാവുന്ന തിരിച്ചടികള്‍ ഇരുചിത്രങ്ങളും മനോഹരമായി സംവദിച്ചിട്ടുണ്ട്. എങ്കിലും യുവാക്കളുടെ ആവേശമായിരുന്ന സില്‍ക്ക് സ്മിതയെന്ന സെക്സ് ബോംബിന്റെ ജീവിതത്തെ ആസ്പദമാക്കിയ ചിത്രമെന്ന നിലയില്‍ ഡേര്‍ട്ടി പിക്ചര്‍ ബോളിവുഡിനെേക്കാള്‍ ദക്ഷിണേന്ത്യയോട് കൂടുതല്‍ ഒട്ടിനില്‍ക്കുന്നു.

Monday, October 24, 2011

നാലുകോളം വാര്‍ത്തയും ചിത്രവും.

മുഹമ്മദ്‌ ആസിഫ്


കുഞ്ഞേ നിനക്കുവേണ്ടി

ആദ്യമായാണ് ഒരു ജീവന്‍ കണ്മുന്നില്‍ കിടന്നു വിടപറയുന്നത്. ഓര്‍ക്കാന്‍ ഇഷ്ടപ്പെടതിരിക്കുംപോഴും വീണ്ടും വീണ്ടും ദൃശ്യം അതെ വ്യക്തതയോടെ തെളിഞ്ഞു വരുന്നു.

2011 ഒക്ടോബര്‍ 23 രാവിലെ 11 .പെരുമ്പാവൂര്‍ പ്രൈവറ്റ് ബസ്‌ സ്റ്റാന്‍ഡില്‍ നിന്ന് ബസ്‌ എം റോഡില്‍ പ്രവേശിക്കുന്ന സ്ഥലം. ഗേള്‍സ്‌ സ്കൂളിനു മുന്നിലെത്തിയപ്പോള്‍ കാതടപ്പിക്കുന്ന ശബ്ദം കേട്ടാണ് ബസിന്റെ സൈഡ് സീറ്റില്‍ ഇരുന്നു ഉറങ്ങുകയായിരുന്ന ഞാന്‍ എഴുന്നെട്ടത്‌. ഉറക്കച്ച്ച്ചടവുണ്ടായിരുന്ന കണ്ണ് തുറക്കുമ്പോള്‍ എന്തോ ഒന്ന് മുകളിലേക്ക് തെറിക്കുന്നതും അതെ വേഗതയില്‍ അതില്നിന്നെന്തോ താഴേക്ക്‌ വീഴുന്നതും കണ്ടു. വാഹനപകടമെന്ന തിരിച്ചറിവില്‍ പെട്ടെന്ന് കണ്ണ് ചിമ്മി തുറക്കുമ്പോഴേക്കും വായുവില്‍ കറക്കം പൂര്‍ത്തിയാക്കി മാരുതി 800 നിലംപതിച്ചു കഴിഞ്ഞു. കാറിലേക്ക് ശ്രദ്ധ പോകുന്നതിനു മുമ്പ് അതില്‍നിന്നു തെറിച്ചുവീണ പിഞ്ചു ബാലനിലേക്ക് കണ്ണ് പാഞ്ഞു. ഒരു നിമിശാര്‍ധ്ധതെക് കുട്ടിയുടെ മുഖം ഉറങ്ങുന്ന പോലെ തോന്നിച്ചു. ഒരു നിമിശാര്ധത്തെക്ക് മാത്രം. അവന്‍ ഒന്നുറക്കെ കരഞ്ഞിരുന്നുവെങ്കില്‍ എന്ന് ആത്മാര്‍ഥമായും ആഗ്രഹിച്ചു.
ഒന്നുമുണ്ടായില്ല. അടുത്ത നിമിഷം വായിന്റെ ഇരു പുറത്തുനിന്നും പിഞ്ചുരക്തം ഒഴുകിപ്പരന്നു. വൈകാതെ മൂക്കില്‍നിന്നും നിര്‍ത്താതെ ചോര ഒഴുകാന്‍ തുടങ്ങി. ആളുകള്‍ ഓടിക്കൂടി കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ബസ്‌ ഒതുക്കി നിര്‍ത്തിയ ഉടന്‍ ചാടി ഇറങ്ങി കുട്ടിയുടെ അവസ്ഥയെന്തെന്നു തിരക്കുംപോഴേക്കും ആശുപത്രിയില്‍ പോയ ഓട്ടോക്കാരന്‍ കാറിലെ മറ്റു യാത്രക്കാരെ തേടി വന്നിരുന്നു. അറിയിക്കേണ്ടവരെ ഒകെ അറിയിചോളാന്‍ പറഞ്ഞുവത്രെ.
കാര്‍ ഓടിച്ചിരുന്ന യുവാവിന്റെ കൈ വിരയല്കൊണ്ട് മൊബൈല്‍ ഫോണ്‍ എടുക്കാന്‍ പോലും കഴിയാതെ തളര്‍ന്നിരുന്നു.എവിടെനിന്നോ എത്തിയ പോലീസുകാരനോട്‌ വിറയ്ക്കുന്ന ശബ്ദത്തില്‍ അയാള്‍ പറഞ്ഞു പതുക്കെയ വന്നത് സാറെ.അവന്‍ പാഞ്ഞു വന്നു കേറീതാ. കണ്ടുനിന്നവര്‍ ബാക്കി
പൂരിപ്പിച്ചു . ബസ്‌ സ്റ്റാന്‍ഡില്‍നിന്ന് അമിതവെഗതയിലെതിയ സ്വകാര്യ ബസ്‌ ആലുവ ഭാഗത്തേക്ക്‌ പോകുന്ന കാറില്‍ ഇടിക്കുകയായിരുന്നു
മുതലാളിക്ക് ലാഭം ഉണ്ടാക്കാനും മറ്റുള്ളവനോട് മത്സരിക്കാനും വേണ്ടി ഡ്രൈവിംഗ് സീറ്റില്‍ ഇരുന്നു ബസ്‌ പറപ്പിച്ച ഡ്രൈവറുടെ അശ്രദ്ധ ഒരു പിഞ്ചു ജീവന്‍ എടുത്തിരിക്കുന്നു. കുഞ്ഞും കാറിലെ മറ്റു യാത്രക്കാരും എന്ത് പിഴച്ചു? പതിവുപോലെ ആളുകൂടുന്നതിനു മുമ്പേ ബസിലെ ജീവനക്കാര്‍ കടന്നു കളഞ്ഞിരന്നു. പോലീസുകാര്‍ വന്നു പതിവ് പരിപാടികള്‍ നടത്തി മടങ്ങികഷ്ടം എന്ന് പറഞ്ഞു ജനക്കൂട്ടവും ഏരിയ ലേഖകനെ വിവരം അറിയിച്ചു ഞാനും പിരിഞ്ഞു.
പോകുന്നതിനു മുമ്പ് കുട്ടി കിടന്നിരുന്ന സ്ഥലത്തേക്ക് ഒന്നുകൂടി നോക്കി. ആരോ പിഞ്ചു രക്തത്തിന് മുകളില്‍ അല്പം പച്ചമണ്ണ് വാരി ഇട്ടിരിക്കുന്നു. കുഞ്ഞേ, നിന്റെ മരണത്തിന്റെ അവസാന അടയാളവും മായ്ക്കപ്പെട്ടിരിക്കുന്നു.
പക്ഷേ പെറ്റമ്മയുടെ മനസ്സില്‍ നീറ്റലായി പടരുന്ന നിന്റെ ഓര്‍മകളുടെ അടയാളങ്ങള്‍ എന്നെങ്ങിലും മായുമോ?
ഇനി  മനപ്പൂര്‍വമല്ലാത്ത നരഹത്യക്ക് പേരിനൊരു കേസ്. ഒരാഴ്ച കഴിയുമ്പോള്‍ മരണക്കളിയുമായി അതെ ഡ്രൈവര്‍ വീണ്ടും റോഡിലിറങ്ങും. വ്യവസ്ഥിതികളെ പഴിച്ചു എല്ലാവരും കൈ കഴുകും. അനേകമനേകം നിറങ്ങള്‍ കാണേണ്ട കുരുന്നു കണ്ണുകള്‍ ചെന്ചോരയാല്‍ മൂടപ്പെട്ടു. നഷ്ടം അവന്റെ കുടുംബത്തിനു മാത്രം.

തിരികെ
ഓഫീസില്‍ എത്തിയപ്പോഴേക്കും സ്വകാര്യ ബസ്‌ കാറിലിടിച്ച് മരിച്ച എല്‍ കെ ജി വിദ്യാര്‍ഥിയായി അവ
ന്‍മാറിയിരുന്നു
പിറ്റേന്നത്തേക്ക് നാലുകോളം വാര്‍ത്തയും ചിത്രവും.

Saturday, October 1, 2011

സ്നേഹവീട്




സ്നേഹവീട് അഥവാ
മോഹന്‍ലാല്‍ അച്ഛനായ കഥ
അമ്മയെയും കൊണ്ട് നാട്ടിന്‍പുറത്ത് താമസിക്കുന്ന അജയന്‍ ആയി മോഹന്‍ലാലും അമ്മ അമ്മുക്കുട്ടിയമ്മയായി ഷീലയും പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രത്തില്‍ ഇന്നസന്‍റ്, ബിജു മേനോന്‍, മാമുക്കോയ തുടങ്ങി കുറെ താരങ്ങള്‍. 16 വയസുകാരന്‍ കാര്‍ത്തിക് ഒരു സുപ്രഭാതത്തില്‍ അജയന്റെ വീട്ടിലെത്തുന്നതോടെ അയാളുടെ ജീവിതത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ ആണ് ചിത്രത്തിന്റെ ഇതിവൃത്തം. പഴേ മോഹന്‍ലാല്‍ -സത്യന്‍ അന്തിക്കാട്‌ കൂട്ടുകെട്ട് പ്രതീക്ഷിക്കുന്ന പ്രേക്ഷകര്‍ക്ക്‌ ചിത്രം കടുത്ത നിരാശയാണ് സമ്മാനിക്കുക. പഴയ കൂട്ടുകെട്ട് ഓര്‍മിപ്പിക്കാന്‍ വരവേല്പ്, നാടോടിക്കട്റ്റ്, തുടങ്ങിയ പോയകാല ഹിറ്റുകളിലെ ചില ഡയലോഗുകള്‍ ഉദ്ധരിക്കുന്നുണ്ട്.
FIRST IMPRESSION
എന്തിനിങ്ങനെ ഒരു പടമെടുത്തു എന്ന് ചോദിയ്ക്കാന്‍ ആണ് പടം കഴിഞ്ഞിരങ്ങിയപ്പോ ആദ്യം തോന്നിയത്. കഥയെന്നു പറയാന്‍ കാര്യയിട്ടൊന്നുമില്ല. പതിവ് പോലെ തമിഴ്നാട്ടില്‍ നിന്നെത്തുന്ന ഒരു കഥാപാത്രം സമാധാന പരമായി കഴിയുന്ന നായകന്റെ ജീവിതത്തില്‍ കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നു. അതില്‍ നിന്ന് രക്ഷപെടാന്‍ ദുര്‍ബലമായ ചില പരീക്ഷണങ്ങള്‍ നായകന്‍ നടത്തുന്നു. എല്ലാം പരാജയപ്പെട്ടു അവസാനം നായകന്‍ ആ കഥാപാത്രത്തെ സ്വീകരിക്കുന്നു. തീര്‍ന്നു.
വ്യത്യസ്തത എന്ന് അവകാശപ്പെടാന്‍ ചിലതുണ്ട്.
നായികയ്ക്ക് (പദ്മപ്രിയ) പ്രത്യേക റോള്‍ ഒന്നുമില്ല. ഇടയ്ക്കിടെ ഫുള്‍ മേക് അപ്പില്‍ സോപ്പ് കമ്പനിയില്‍ സോപ്പ് മുറിക്കലാണ് പ്രധാന ജോലി. വൈകിട്ട് നായകന്റെ വീട്ടില്‍ വരുന്ന നായികയെ രാത്രി വീട് വരെ കൊണ്ടുവിടും. അഞ്ചിലധികം തവണ ഇത്തരം കൊണ്ടുവിടല്‍ ഉണ്ട്. എല്ലാം എടുത്തിരിക്കുന്നത് ഒരു പാടവരമ്പത് പനയുടെ കീഴില്‍ തന്നെ. ക്യാമറ മാറ്റി വക്കാന്‍ പോലും തയ്യാറായിട്ടില്ല.
കഥ
രസതന്ത്രത്തില്‍ മീര ജാസ്മിന്‍ വന്നതുപോലെ ഒരു സുപ്രഭാതത്തില്‍ പതിനാറു വയസുള്ള കാര്‍ത്തിക് ( രാഹുല്‍ പിള്ള) മോഹന്‍ലാലിന്‍റെ മകനാണെന്ന് പറഞ്ഞു വരുന്നു. മോഹന്‍ലാല്‍ പയ്യനെ ഒഴിവാക്കാന്‍ പരമാവധി ശ്രമിക്കുന്നു. അതിനുള്ള ചില നമ്പറുകള്‍.പിന്നെ മോഹന്‍ലാല്‍ അട്ടപ്പാടിയിലെ തോട്ടത്തില്‍ പോകുന്ന വണ്ടിയില്‍ അയാള്‍ അറിയാതെ കാര്‍ത്തിക് കയറി പറ്റുന്നു.തിരികെ വരുമ്പോഴേക്കും അജയന്റെ ദേഷ്യം കുറയുമെന്ന് കരുതുന്നു. പക്ഷേ തിരിച്ചു വന്ന ശേഷം സുഹൃത്ത്‌ എസ്‌ഐ ബാലന്റെ (ബിജു മേനോന്‍) സഹായത്തോടെ പയ്യന്റെ ഡി എന്‍ എ ടെസ്റ്റ്‌ നടത്താന്‍ ഒരുങ്ങുന്നു. അമ്മ തടയുന്നു. പയ്യറെ ഭൂതകാലം അന്വേഷിച്ച് അജയന്‍ ചെന്നൈയിലെതുന്നു. അവിടെ തന്റെ ഡ്രൈവിംഗ് ഗുരു സെയ്താലി (മാമുക്കോയ) വഴി പയ്യന്‍ ഒരു എക്സ്ട്രാ നടിയുടെ മകനാനെന്നരിയുന്നു. അച്ചന്റെതെന്നു പറഞ്ഞു താനാണ്‌ അജയന്റെ ഫോടോയും അഡ്രസ്സും കാര്‍ത്തിക്കിന് കൊടുതുവിട്ടതെന്നും സെയ്തലി സമ്മതിക്കുന്നു. തുടര്‍ന്ന് അജയനും സെയ്തലിയും കൂടി നാട്ടിലെത്തി തെറ്റിധാരണ മാട്ടനോരുങ്ങുംപോഴേക്കും കാര്‍ത്തിക് വീട്ടില്‍നിന്നു പോകുന്നു. റെയില്‍വേ സ്റ്റേഷനില്‍ എത്തി പയ്യനെയും കൂട്ടി തിരികെ വീട്ടിലെത്തി അച്ഛനും 'മകനും' അമ്മയും കൂടിയിരിക്കുന്നിടത് ശുഭം

ഗാനങ്ങള്‍
ഹരിഹരന്‍ പാടിയ അമൃതമായ് എന്ന് തുടങ്ങുന്ന ഗാനം ആരോച്ചകമെന്നെ പറയാനാകു. മോഹനലാലുമായി തീരെ പൊരുതപെടാത്ത ആ ഗാനം കേള്‍ക്കുമ്പോള്‍ എന്തോ മുഴച്ചു നില്ക്കുംപോലെ തോന്നും. ശ്രേയ ഗോഷാല്‍ പാടിയ മറ്റൊന്നുണ്ട്. അതും വല്യ മെച്ചമില്ല. ഇളയരാജക്ക് മലയാളത്തില്‍ ഇനി എന്തെങ്കിലും ചെയ്യാന്‍ കഴിയുമോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
സ്ക്രിപ്റ്റ്
അങ്ങനെ എന്തേലും ഉണ്ടോ എന്ന് മഷിയിട്ടു നോക്കണം. മതമ്യ്ഹ്രിയുടെ കാര്യത്തില്‍ സത്യന്‍ അന്തിക്കാട്‌ പതിവ് തെറ്റിച്ചില്ല. ഒരു ഹിന്ദു ക്രിസ്ത്യന്‍ പ്രണയ വിവാഹം പെണ്‍വീട്ടുകാര്‍ എട്ടു വര്ഷം കഴിഞ്ഞു യോജിക്കുന്നുണ്ട്
താരങ്ങള്‍
ആര്‍ക്കും കാര്യമായി ഒന്നും ചെയ്യനില്ലാത്തത് കൊണ്ട് ആ ഭാഗം ക്ലീന്‍ ആയി. ഷീല മാക്സിമം ഓവര്‍ ആക്കി. ആവശ്യമുല്ലിടത്തും ഇല്ലാത്തിടത്തും അവരെ തിരുകിക്കേറ്റി മൊത്തത്തില്‍ ചളമാക്കിയിട്ടുണ്ട്. മോഹന്‍ലാല്‍ പഴേ ലലാകും എന്ന് കരുതി ആരും പടം കാണരുത്. അതിനി സംഭവിക്കില്ലെന്നു മനസ്സിനെ വിശ്വസിപ്പിച്ച ശേഷം മാത്രം പടം കാണുക. പദ്മപ്രിയയുടെ കഥാപാത്രം ഒരിക്കലും ഒരു അനിവാര്യത ആയി ആര്‍ക്കും തോന്നാന്‍ ഇടയില്ല. കാര്‍ത്തിക്കിനെ അവതരിപ്പിക്കുന്ന രാഹുല്‍ പിള്ളയില്‍നിന്നു മലയാള സിനിമക്ക് ഒന്നും പ്രതീക്ഷിക്കാന്‍ വകയില്ലെന്ന് ഓരോ സീന്‍ കഴിയുമ്പോഴും അവന്‍ നമ്മെ ഓര്‍മിപ്പിക്കും. മുല്ലനെഴിയെ (പാവം) എന്തിനോ വേണ്ടി രണ്ടുമൂന്നു സീനില്‍ കാണിക്കുന്നുണ്ട്. പടം കഴിഞ്ഞിറങ്ങുമ്പോള്‍ ആകെ ഓര്‍ത്തിരിക്കുന്നത് റീജ (മല്ലിക)അവതരിപ്പിച്ച എക്സ്ട്രാ നടിയുടെ കഥാപാത്രം മാത്രം. കുറച്ചു സീനുകളികളിലെ ഉള്ളു എങ്കിലും തണ്ട ഭാഗം നന്നാക്കി എന്ന് അവര്‍ക്ക് ആശ്വസിക്കാം.
വാല്‍ക്കഷ്ണം
എറണാകുളം സവിതയില്‍ റിലീസ് ഷോയാണ് കണ്ടത്. ആവേശപൂര്‍വ്വം കാത്തിരിക്കുന്ന ഫാന്‍സിന്റെ ഇടയില്‍ നിന്ന് ടിക്കറ്റ്‌ എടുക്കുക സഹാസമാണെന്ന് മനസിലാക്കി മടങ്ങാന്‍ ഒരുങ്ങുമ്പോള്‍ വെറുതെ ഒരു ചേച്ചിയോട് ചോദിച്ചു- ഒരു ടിക്കറ്റ്‌ എടുത്തു തരുമോ എന്ന്. അവര്‍ പറ്റില്ലാന്നു പറഞ്ഞിരുന്നെങ്കില്‍!!!!!!!!!!!!!!!!!

Friday, September 2, 2011

ചില ഓണസ്മരണകള്‍

വീടിനടുത്തെ പെരിയാര്‍ വാലി കനാലിന്റെ ഇരുവസങ്ങളിലും ഇക്കുറിയും നിറയെ തുമ്പ പൂത്തിട്ടുണ്ടാവണം. ചുറ്റുവട്ടതെല്ലാം നിറഞ്ഞുനിന്നിരുന്ന മഞ്ഞ കോളാമ്പിയും മത്തപ്പൂവും ചെത്തിയും തുളസിയുമെല്ലാം കാണാനേയില്ല. സൈകിളിലും നടന്നുമായി കിലോമീറ്ററുകള്‍ താണ്ടിയാണ് പൂപരിക്കുക. അതോരോന്നോന്നര ആഘോഷം തന്നെ ആയിരുന്നു. ഉത്രാടത്തിന്റെ അന്ന് കോടി. തിരുവോണ ദിവസം രാവിലെ മാവേലി, വാമനന്‍ വേഷങ്ങള്‍ കെട്ടി കൊട്ടും പാട്ടുമായി പുലര്‍ച്ചെ എല്ലാ സകല വീടുകളുടെയും പരിസരത്ത് കറങ്ങും. വീട്ടുകാര്‍ പുലര്‍ചെ തൃക്കാക്കരയപ്പന് പൂവട വച്ച് തിരിയേണ്ട താമസം അട, ഒപ്പമുള്ള അവില്‍, തേങ്ങ, പഴം, ശര്‍ക്കര സകലതും പൊക്കും.. പത്തു പെരോക്കെയുള്ള സംഗം ആറര വരെ കരങ്ങുംപോഴേക്കും വയര്‍ ഫുള്‍..പിന്നെ ചെറിയൊരു അമ്പലപ്പരംബിലോ ഒക്കെ വട്ടം കൂടും.......കളി മേളം തന്നെ. ഉച്ച ആകുമ്പോഴേക്കും സദ്യ..ബന്ധുവീടുകളിലെല്ലാം പോകും. നാടുനീളെ ഓണാഘോഷം കാണും. നാടന്‍ കളികളും കുട്ടികളുടെ കലാപരിപാടികളും ഒക്കെയായിട്ട്‌. പത്തുദിവസത്തെ ഓണാവധി പോകുന്നത് തന്നെ അറിയില്ല. കുട്ടികള്‍ക്കൊക്കെ മുഴുവന്‍ സ്വാതന്ത്ര്യമാണ്.

ഇന്നതൊന്നും നാട്ടില്‍ കാണാനില്ല... എന്റെ പ്രായക്കാരും തൊട്ടു മുതിര്‍ന്നവരും പുറത്തിറങ്ങുന്നത് പത്തുമണിയോടെ. ആദ്യം വരുന്നവര്‍ മൊബൈലില്‍ ബാക്കി ഉള്ളവരെ വിളിക്കും.. പിന്നെ ഷെയര്‍ ഇടുന്ന തിരക്ക്......പതിനൊന്നു മണിയോടെ '' സാധനം'' വരും.പിന്നെ അത് തീര്‍ക്കാനുള്ള വെപ്രാളം. വീട്ടില്‍നിന്നു വിളിവരുന്നതോടെ എല്ലാരും പിരിയും. സദ്യ ഉണ്ണാന്‍. ഉച്ച കഴിഞ്ഞും '' സാധനം'' വരും. ഇതൊകെ തന്നെ..പിന്നെ പങ്കാളിത്തം കുറഞ്ഞെങ്കിലും ചിലയിടങ്ങളിലെങ്കിലും സംഘടിപ്പിക്കുന്ന ഓണഘോഷമാണ് ഓണക്കാലമെന്ന തോന്നലെങ്കിലും ഉണ്ടാക്കുന്നത്..അവിടെയും നാടന്‍ പാട്ടുകളോ കളികാലോ വേണമെങ്കില്‍ പതിനയിരമോക്കെ കൊടുത്തു പുറത്തുനിന്നു ആലെയിരക്കണം. അല്ലെങ്കില്‍ megashow എന്നൊക്കെ പേരിട്ടു എന്തെലും പരിപാടി. നമുക്കിങ്ങനെ വിഷമമുണ്ടെങ്കില്‍ കുറച്ചു മുതിര്‍ന്നവരുടെ വിഷമം എന്താരിക്കും.

വിഷമിക്കുന്നവര്‍ക്കും ആഘോഷിക്കുന്നവര്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍.

ആനന്ദ്